ന്യൂഡൽഹി
ഉത്തർപ്രദേശിൽ സഹപാഠികളെക്കൊണ്ട് ഏഴുവയസ്സുകാരന്റെ മുഖത്തടിപ്പിച്ചതിൽ തനിക്ക് കുറ്റബോധമില്ലെന്നും സംഭവത്തെക്കുറിച്ചോർത്ത് ലജ്ജിക്കുന്നില്ലെന്നും അധ്യാപിക തൃപ്ത ത്യാഗി. കുട്ടികളെ നിയന്ത്രിക്കാൻ അടികൊടുക്കുന്നത് അത്യാവശ്യമാണെന്നും അത് വലിയ കാര്യമാക്കേണ്ടെന്നുമാണ് ഇവരുടെ നിലപാട്. ഗ്രാമത്തിലുള്ളവർ തന്നോടൊപ്പമാണെന്നും അധ്യാപിക അവകാശപ്പെട്ടു. കുട്ടിയെ അടിപ്പിച്ചതിനു പുറമെ വർഗീയ പരാമർശം നടത്തിയ അധ്യാപികയെ പിന്തുണച്ച് സംഘപരിവാർ സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണം ആരംഭിച്ചു. സംഭവം വിവാദമായതിനു പിന്നാലെ കഴിഞ്ഞ ദിവസം ഇവർ മാപ്പുപറഞ്ഞ് തടിയൂരാൻ ശ്രമിച്ചിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റംമാത്രം ചുമത്തിയ പൊലീസാകട്ടെ അധ്യാപികയെ ചോദ്യം ചെയ്യാൻപോലും വിളിപ്പിച്ചിട്ടില്ല.
അതിനിടെ വിവാദ സംഭവമുണ്ടായ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂൾ അടച്ചിടാൻ അധികൃതർ നിർദേശം നൽകി. സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയ വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. നേഹ പബ്ലിക് സ്കൂൾ അംഗീകാരമില്ലാതെയാണ് പ്രവർത്തിച്ചതെന്ന വിവരവും പുറത്തുവന്നു. നഴ്സറി മുതൽ അഞ്ചാം ക്ലാസുവരെ പ്രവർത്തിക്കാൻ നൽകിയിരുന്ന അംഗീകാരം 2022ൽ അവസാനിച്ചുവെന്ന് പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ ശുഭം ശുക്ല വെളിപ്പെടുത്തി. അംഗീകാരത്തിനായി വീണ്ടും അപേക്ഷ നൽകിയിട്ടില്ല. സ്കൂൾ അടയ്ക്കാൻ നിർദേശം നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യയനം മുടങ്ങാതിരിക്കാൻ കുട്ടികളെ സമീപത്തെ സ്കൂളുകളിലേക്ക് പുനർവിന്യസിക്കും.