തിരുവനന്തപുരം
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ഉപരിതലത്തിനുതാഴെ തണുത്തുറഞ്ഞ മേഖലയെന്ന് ചാന്ദ്രയാൻ 3ലെ റോവറിന്റെ കണ്ടെത്തൽ. മേൽമണ്ണായ റിഗോലിത്തിന് താഴേക്ക് പോകുന്തോറും താപനില കുറയുകയാണ്. ഇത് വലിയ തോതിൽ ജലം ഘനീഭവിച്ച നിലയിൽ ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ സ്ഥിരീകരണത്തിന് കൂടുതൽ പഠനം വേണ്ടിവരും. ദക്ഷിണ ധ്രുവത്തിലെ മണ്ണിന്റെ ഉപരിതലം, അന്തർഭാഗം എന്നിവിടങ്ങളിലെ താപനിലയെപ്പറ്റി നിർണായക വിവരങ്ങളാണ് റോവറിലെ പ്രധാന പരീക്ഷണ ഉപകരണമായ ചന്ദ്രാസ് സർഫേസ് തെർമോഫിസിക്കൽ എക്സ്പിരിമെന്റ് (ചാ സ്റ്റെ ) ലഭ്യമാക്കുന്നത്. ഉപകരണത്തിന്റെ ആദ്യ നിരീക്ഷണങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. 18 മീറ്ററിലധികം സഞ്ചരിച്ച റോവർ ചാന്ദ്രമണ്ണിന്റെ താപനില അളന്ന് പ്രൊഫൈലിങ് നടത്തി. ദക്ഷിണധ്രുവത്തെ അടുത്തറിഞ്ഞ് ഇത്തരമൊരു അളവെടുപ്പ് ആദ്യമാണ്.
എട്ടു സെന്റീമീറ്റർ ആഴത്തിൽ ‘തുരന്ന്’ നടത്തിയ പര്യവേക്ഷണത്തിൽ ആഴത്തിലേക്കു പോകുംതോറും താപവ്യതിയാനം വലിയ തോതിലുണ്ടെന്ന് കണ്ടെത്തി. എട്ടു സെന്റീമീറ്റർ ആഴത്തിൽ താപനില മൈനസ് പത്ത് ഡിഗ്രി സെൽഷ്യസാണ്. അതിന് താഴേക്ക് ഐസ് രൂപത്തിൽ ജലം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇത് നൽകുന്ന സൂചന. മേൽമണ്ണിന് മുകളിൽ താപനില 50 ഡിഗ്രി സെൽഷ്യസാണ്. താപനില കൃത്യമായി അളക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പരീക്ഷണ ഉപകരണത്തിൽ 10 സെൻസറുകളുണ്ട്. തിരുവനന്തപുരം വിഎസ്എസ്സിയിലെ സ്പേസ് ഫിസിക്സ് ലാബാണ് ചന്ദ്രാസ് സർഫേസ് തെർമോഫിസിക്കൽ എക്സ്പിരിമെന്റ വികസിപ്പി ച്ചത്.