ദുബായ് > ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്ക് 50,000 ദിർഹം പിഴയിടുകയും ചെയ്തു. കൂടാതെ ലൈസൻസിൽ 23 ബ്ലാക്പോയിന്റ് രേഖപ്പെടുത്തി. നിശ്ചിത അകലം പാലിക്കാതെ ഓടിച്ച വാഹനത്തിന്റെ ചിത്രങ്ങൾ ദുബായ് പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം. കഴിഞ്ഞ ജൂലൈയിൽ ദുബായിൽ പുതുക്കിയ ട്രാഫിക്ക് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഏഴു മാസത്തിനിടെ ദുബായിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 22,115 ബൈക്ക് ഡ്രൈവർമാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദുബായിൽ ചുവന്ന സിഗ്നൽ ലൈറ്റ് മറികടന്നാലും അൻപതിനായിരം ദിർഹമാണ് പിഴ. റോഡിൽ മൽസരയോട്ടം നടത്തിയാൽ ഒരുലക്ഷം ദിർഹം പിഴ അടയ്ക്കണം. സഹയാത്രികരുടെ സുരക്ഷ മാനിക്കാതെ റോഡിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദുബായ് പൊലീസ് ആവർത്തിച്ചു.