മസ്കറ്റ്> ഓണം കേമമാക്കാനുള്ള ഒരുക്കത്തിലാണ് ഒമാനിലെ മലയാളികൾ . കനത്ത ചൂട് കാലാവസ്ഥയും ഓണം എത്തുന്നത് പ്രവർത്തി ദിവസവും ആയതിനാൽ ചെറിയ പ്രയാസം ഉണ്ടെങ്കിലും അതൊന്നും ആഘോഷത്തിനെ വരവേൽക്കാൻ തടസ്സമാകുന്നില്ല എന്നാണ് ഓണ വിപണിയിലെ ഉണർവ് കാണിക്കുന്നത്.
അത്തം ഒന്ന് മുതൽ പ്രവാസികൾ താമസിക്കുന്ന വീടുകളിൽ പൂക്കളം ഇട്ടു ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു.നാട്ടിലെ പോലെയല്ല കുട്ടികൾ അതി രാവിലെ സ്കൂളിൽ പോകുന്നതിന് മുൻപ് പൂക്കളം തീർക്കണം. ശേഷം രക്ഷിതാക്കൾക്ക് ജോലിക്ക് ഇറങ്ങണം.
കിട്ടാവുന്ന പൂക്കൾ ശേഖരിച്ചാണ് പൂക്കളം തീർക്കുന്നത്. ഇവിടെ ജനിച്ചു വളരുന്ന കുട്ടികൾക്ക് നാട്ടിലെശീലങ്ങളും ആഘോഷത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങളും കാണിച്ചു ശീലിപ്പിക്കുക എന്നുള്ള മാതാപിതാക്കളുടെ നിർബന്ധവുമാണ് പരിമിതിയ്ക്കുള്ളിൽ നിന്നുള്ള
ആഘോഷങ്ങൾ കുട്ടികൾക്ക് വേണ്ടി ഒരുക്കുന്നത്.
ഓണക്കളികളും പൂനുള്ളലും ഊഞ്ഞാലും കുടുംബങ്ങൾ ഒത്തു ചേർന്നുള്ള ആഘോഷവും അന്യമായ കുട്ടികൾക്ക് ഇതുപോലുള്ള കാര്യങ്ങളിൽ വലിയ താല്പര്യമാണ്. ഓണ സദ്യയുടെ ഒരുക്കങ്ങൾ കൂടുതൽ കാണുന്നത് ഹോട്ടലുകളിലും റെസ്റ്റൻറ്റുകളിലും ആണ്.
പ്രവർത്തി ദിവസമാണ് തിരുവോണം എന്നത് ഹോട്ടലുകൾക്ക് കച്ചവടം കൂടാൻ സഹായിക്കും മിക്കവരും പാർസൽ ഓണ സദ്യ ഓർഡർ ചെയ്യും. പിന്നീട് അവധി ദിനങ്ങളിലാണ് വിശാലമായ സദ്യ വീടുകളിൽ ഒരുക്കുന്നത്.
ഹോട്ടലുകളുടെ ഓണസദ്യ പരസ്യത്തിൽ കറികളുടെയും പായസത്തിന്റെയും എണ്ണം പറഞ്ഞാണ് വില്പന.മുൻകൂട്ടി ഓർഡർ വാങ്ങിയാണ് സദ്യയുടെ വില്പന. വസ്ത്ര വിപണിയും പൂ വില്പനയും അതുപോലെ തന്നെ. മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും ഓണ വിഭവങ്ങൾക്കായ് പ്രത്യേക ഇടങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട് ഓണം ആഘോഷത്തിന്റെതാണ് . അത് പ്രവാസലോകത്ത് മാസങ്ങൾ നീണ്ടുനിൽക്കുന്ന കൂട്ടായ്മയുടെ ഒത്തുചേരലും കൂടിയാണ് .