ന്യൂഡൽഹി
കാവേരി നദിയിൽനിന്നും 24,000 ക്യുസെക്സ് ജലം വിട്ടുനൽകാൻ കർണാടകത്തിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നൽകിയ ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ കാവേരി ജല മാനേജ്മെന്റ് അതോറിറ്റിക്ക് (സിഡബ്ലിയുഎംഎ) സുപ്രീംകോടതി നിർദേശം നൽകി. അടുത്ത രണ്ടാഴ്ചത്തേക്ക് വെള്ളം വിട്ടുകൊടുക്കുന്ന കാര്യം പരിഗണിക്കാൻ തിങ്കളാഴ്ച കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി (സിഡബ്ലിയുആർസി) യോഗം ചേരുന്നുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാഭാട്ടി അറിയിച്ചു.
കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയും കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റിയും നിർദേശിച്ച ജലം നൽകാൻ കർണാടകം തയ്യാറാകുന്നില്ലെന്നാണ് തമിഴ്നാടിന്റെ പരാതി. അതേസമയം, ജല മാനേജ്മെന്റ് അതോറിറ്റി നിർദേശിച്ചതിനേക്കാൾ കൂടുതൽ ജലം ഇതിനോടകം വിട്ടുകൊടുത്തിട്ടുണ്ടെന്നാണ് കർണാടകത്തിന്റെ വാദം. വിഷയത്തിൽ കോടതിക്ക് വൈദഗ്ധ്യം ഇല്ലെന്നും ബന്ധപ്പെട്ട സമിതികൾ വെള്ളിയാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് ഭൂഷൺ ഗവായ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.