ലുധിയാന
കത്തുകൾക്ക് മറുപടി നൽകിയില്ലെങ്കിൽ പഞ്ചാബിൽ രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യുമെന്നും മുഖ്യമന്ത്രി ഭഗവത് മന്നിനെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്നും ഭീഷണിമുഴക്കി ഗവർണർ ബൻവാരിലാൽ പുരോഹിത്.
സംസ്ഥാനത്ത് ഭരണഘടനാ സംവിധാനത്തിന്റെ പരാജയത്തെക്കുറിച്ച് ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതിക്ക് റിപ്പോർട്ട് അയയ്ക്കുമെന്ന് ഗവർണർ പറഞ്ഞു. കൂടാതെ ഐപിസി 124––ാം വകുപ്പ് പ്രകാരം ക്രിമിനൽ നടപടികളും ആരംഭിക്കും. അന്തിമതീരുമാനം എടുക്കുംമുമ്പ് ഇക്കാര്യങ്ങൾ സൂചിപ്പിച്ച് നേരത്തെ നൽകിയ കത്തുകൾക്ക് മുഖ്യമന്ത്രി മറുപടി നൽകണം. കൂടാതെ സംസ്ഥാനത്തെ മയക്കുമരുന്ന് പ്രശ്നവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് വ്യക്തമാക്കണമെന്നും ഗവർണർ അറിയിച്ചു. പഞ്ചാബിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് പുതിയ സംഭവവികാസം.