ന്യൂഡൽഹി
പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎയുടെ മകന് നൽകിയ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. ജോഹാരിലാൽ മീണ എംഎൽഎയുടെ മകൻ ദീപക് മീണയ്ക്കും മറ്റു രണ്ട് പ്രതികൾക്കും നൽകിയിരുന്ന ജാമ്യമാണ് ജസ്റ്റിസ് എസ് രവീന്ദ്രഭട്ട് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. പെൺകുട്ടി പരാതി നൽകാൻ വൈകിയെന്നും കുറ്റകൃത്യത്തിന്റെ വീഡിയോ കണ്ടെടുത്തില്ലെന്നും ചൂണ്ടിക്കാണിച്ച് രാജസ്ഥാൻ ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി ശരിയല്ലെന്ന് സുപ്രീംകോടതി വിമർശിച്ചു. പെൺകുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.