ന്യൂഡൽഹി
ഭരണഘടനയുടെ 370–-ാം അനുച്ഛേദം കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജമ്മു കശ്മീരിലെ ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമായിരുന്നെന്ന് കേന്ദ്ര സർക്കാർ. സുപ്രീംകോടതി ഭരണഘടനാബെഞ്ച് മുമ്പാകെയായിരുന്നു കേന്ദ്രത്തിന്റെ വാദം. 370–-ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്താൻ തുടങ്ങിയെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വാദിച്ചു. ജമ്മു കശ്മീരിനു പുറമെ ഇന്ത്യൻ യൂണിയനിൽ ലയിച്ച മറ്റു നാട്ടുരാജ്യങ്ങൾക്കും ചില പ്രത്യേക അധികാരങ്ങൾ നൽകി. നാട്ടുരാജ്യങ്ങൾ യൂണിയനിൽ ലയിക്കുന്നതോടെ അവർക്കുണ്ടായിരുന്ന പരമാധികാരവും യൂണിയനിൽ ലയിക്കുകയായിരുന്നെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.
അതേസമയം, പല നാട്ടുരാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പിട്ടിരുന്നില്ലെന്നും യൂണിയനിൽ ലയിക്കുന്നതിന് ഉടമ്പടിയിൽ ഏർപ്പടൽ നിർബന്ധമായിരുന്നില്ലെന്നും തുഷാർ മെഹ്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചോദ്യത്തിന് മറുപടി നൽകി. രേഖകൾ ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.