തൃശൂർ
കെ സുധാകരനെ ചോദ്യംചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ തള്ളിപ്പറഞ്ഞ കോൺഗ്രസ്, സിപിഐ എം നേതാവ് എ സി മൊയ്തീൻ എംഎൽഎയുടെ വീട്ടിലെ പരിശോധനയെ ന്യായീകരിക്കാൻ രംഗത്ത്. ഇഡി പുറത്തുവിട്ട അസാധാരണ വാർത്താക്കുറിപ്പുമായി കോൺഗ്രസിന്റെ നേതാവ് അനിൽ അക്കര വാർത്താസമ്മേളനം നടത്തിയതോടെയാണ് ഇരട്ടത്താപ്പ് പുറത്തായത്. കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ആരോപണത്തിന്റെ പേരിലാണ് എ സി മൊയ്തീന്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയത്. ഒരു രേഖയും അവർ കൊണ്ടുപോയില്ല.
എ സി മൊയ്തീന്റെ വീട്ടിലെ റെയ്ഡ് മാധ്യമങ്ങളെ അറിയിച്ചത് അനിൽ അക്കരയാണ്. വീടിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകരെ അണിനിരത്തി സംഘർഷത്തിനും ശ്രമിച്ചു. റെയ്ഡ് പൂർത്തിയായ ഉടൻ വാർത്താസമ്മേളനവും നടത്തി. റെയ്ഡിനെത്തുടർന്ന് ഇഡി പുറത്തിറക്കിയ അസാധാരണ വാർത്താക്കുറിപ്പിലെ കാര്യങ്ങളാണ് രണ്ടാംദിനം മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട് സംബന്ധിച്ച് പൊലീസ് അന്വേഷണം പൂർത്തിയാക്കിയതാണ്. ഇതിൽ ഒരിടത്തും എ സി മൊയ്തീന്റെ പേര് പരാമർശിച്ചിട്ടില്ല. ആരുടേയും മൊഴിയുമില്ല. അതിനുശേഷമാണ് എൻഫോഴ്സ് ഡയറക്ടറേറ്റ് കേസ് എടുത്തത്. ഇരിങ്ങാലക്കുടയിലെ ഒരാളുടെ മൊഴിയുണ്ടെന്ന് പറഞ്ഞായിരുന്നു റെയ്ഡ്. കേസിൽ പ്രതിയല്ലാത്ത, ചോദ്യം ചെയ്യുകപോലും ചെയ്യാത്ത ഒരാളുടെ വീട്ടിൽ നടത്തിയ പരിശോധനയെക്കുറിച്ച് ഇ ഡി വാർത്താക്കുറിപ്പ് പുത്തിറക്കിയതും അസാധാരണമായിരുന്നു. വടക്കാഞ്ചേരിയിൽ 144 പേർക്ക് ലൈഫ് പദ്ധതിയിൽ ഫ്ളാറ്റ് നിർമിച്ചുനൽകുന്നത് സിബിഐക്ക് പരാതി നൽകി മുടക്കിയതും അനിൽ അക്കരയായിരുന്നു.