ഹൈദരാബാദ് > തെലങ്കാനയില്‍ എട്ടുവയസുകാരിയെ അച്ഛന് കൊലപ്പെടുത്തി. കുട്ടിയുടെ ജാതകത്തിൽ ഭാവി ജീവിതത്തിൽ കഷ്ടപ്പാടുകൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞത് വിശ്വസിച്ചാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. അച്ഛൻ ചന്ദ്രശേഖർ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
ഓഗസ്റ്റ് 18നാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ചന്ദ്രശേഖർ കാറിൽ കയറ്റി കൊണ്ടുപോയതായി കണ്ടെത്തി. കുട്ടിയെ കാണാതായ ദിവസം ഇയാൾ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. മൃതദേഹം ഉപേക്ഷിക്കാന്‍ ഉചിതമായ സ്ഥലം തേടി സഞ്ചരിക്കുന്നതിനിടെ ഇയാളുടെ കാറിന്റെ ടയർ പഞ്ചറായി. സഹായിക്കാന്‍ എത്തിയ വഴിയാത്രക്കാരനാണ് ചന്ദ്രശേഖറിന്റെ ദേഹത്ത് രക്തക്കറയും കാറിൽ മൃതദേഹവും കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന പൊലീസ് പറഞ്ഞു. കുട്ടി ഭാവിജീവിതത്തിൽ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരുമെന്ന് ജാതകത്തില്‍ പറഞ്ഞിരുന്നതിനാലാണ് പിതാവ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.