കൊച്ചി> യുഡിഎഫിന്റെ കാലത്തെ പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയായ ആർഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയിലാക്കിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. എ ക്ലാസ് ലൈസൻസ് റദ്ദാക്കിയ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനിയറുടെ നടപടിക്കെതിരെ കമ്പനി നൽകിയ ഹർജി തള്ളിയ സിംഗിൾബെഞ്ച് സർക്കാർ നടപടി ശരിവയ്ക്കുകയായിരുന്നു.
നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയതെന്ന് കോടതി വിലയിരുത്തി. ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്.
കരിമ്പട്ടികയിൽപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും ആരോപണവിധേയരുടെ വിശദീകരണം കേട്ടശേഷമേ നടപടിയെടുക്കാവൂ എന്ന കോടതി ഉത്തരവ് സർക്കാർ പാലിച്ചില്ലെന്നും കാണിച്ചാണ് ഹർജി നൽകിയത്. പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് ആർബിഡിസികെ കരാർലംഘനം നടത്തിയെന്നും ഉദ്ഘാടനം നടത്താനായി മഴക്കാലം വകവയ്ക്കാതെ പണി പൂർത്തിയാക്കേണ്ടിവന്നു എന്നുമാണ് ഹർജിക്കാരുടെ വാദം.
കമ്പനിയുടെ വിശദീകരണം കേട്ടശേഷമാണ് സർക്കാർ നടപടി എടുത്തതെന്ന് കോടതി വിലയിരുത്തി. നേരത്തേ കരിമ്പട്ടികയിൽപ്പെടുത്തിയപ്പോൾ കമ്പനിയുടെ വിശദീകരണം തേടിയശേഷമേ തീരുമാനമെടുക്കാവൂ എന്ന് കോടതി നിർദേശിച്ചിരുന്നു. കമ്പനിക്ക് വാദം വ്യക്തമാക്കാൻ സമയം നൽകിയെന്നും കാരണം വ്യക്തമാക്കിയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും കോടതി നിരീക്ഷിച്ചു.
പൊതുമരാമത്ത് മാന്വൽ ഭേദഗതി അനുസരിച്ച്, മൂന്നുവർഷത്തിനിടെ നിർമാണത്തിൽ അപാകം കണ്ടെത്തിയാൽ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താം. പാലാരിവട്ടം മേൽപ്പാലത്തിന്റെ കാര്യത്തിൽ നിർമാണം പൂർത്തിയാക്കി മൂന്നുവർഷത്തിനകംതന്നെ അപാകം കണ്ടെത്തി. പാലം പുനർനിർമിക്കണമെന്ന് വിദഗ്ധർ റിപ്പോർട്ടും നൽകി. 102 ഗർഡറുകളിൽ 97എണ്ണവും ദൃഢപ്പെടുത്തണമെന്ന് മദ്രാസ് ഐഐടി റിപ്പോർട്ടിലും വ്യക്തമാക്കി. തുടർന്നാണ് പാലത്തിന്റെ ദുർബലമായ ഭാഗങ്ങൾ പൊളിച്ച് മാറ്റി ബലപ്പെടുത്തിയത്. ഇതിനുശേഷമാണ് കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയത്.
പാലത്തിൽ ഭാരപരിശോധന നടത്താൻ കമ്പനിക്ക് ഹൈക്കോടതി നൽകിയ അനുമതി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് പാലം പുനർനിർമിക്കാനുള്ള തുക കരാർ കമ്പനിയിൽനിന്ന് ഈടാക്കാൻ സർക്കാർ ഉത്തരവിട്ടു. ഈ വസ്തുതകൾ കണക്കിലെടുത്താണ് ഹർജി തള്ളിയത്. സർക്കാരിനുവേണ്ടി അഡ്വ. കെ വി മനോജ്കുമാർ ഹാജരായി.