ന്യൂഡൽഹി
മോദി സർക്കാർ കൊണ്ടുവന്ന വിവാദമായ മൂന്നു കാർഷിക നിയമം കോർപറേറ്റുകൾ തയ്യാറാക്കിയതാണെന്ന് വെളിപ്പെടുത്തല്. നിതി ആയോഗ് 2017ൽ രൂപീകരിച്ച കർമസമിതിയാണ് ഇതിന് രൂപരേഖ ഒരുക്കിയതെന്നും ‘ദ റിപ്പോർട്ടേഴ്സ് കലക്ടീവി’ന്റെ അന്വേഷണത്തിൽ വ്യക്തമായി. വിദേശത്ത് സോഫ്റ്റ്വെയർ വ്യവസായിയായ കാർഷികമേഖലയുമായി ബന്ധമില്ലാത്ത ശരദ് മറാത്തെയെ കർമസമിതി അംഗമാക്കിയാണ് ഇതിന് തുടക്കമിട്ടത്. മറാത്തെയാണ് സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളെയും നിർദേശിച്ചത്.
അതിവേഗത്തിലായിരുന്നു സമിതി രൂപീകരണം. അദാനി, മഹീന്ദ്ര ഗ്രൂപ്പ്, ഐടിസി, ബിഗ് ബാസ്കറ്റ്, പതഞ്ജലി തുടങ്ങിയ കാർഷിക ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക് സമിതിയിൽ അംഗത്വം ലഭിച്ചു. കർഷകരുടെ ഒറ്റ പ്രതിനിധിയെയും ഉൾപ്പെടുത്തിയില്ല. കൃഷിയെ കോർപറേറ്റുവൽക്കരിക്കാനുള്ള പരിഷ്കാരങ്ങൾക്ക് തുടക്കമിടാൻ സമിതി ആദ്യയോഗത്തിൽ പദ്ധതിയിട്ടു. മിനിമം താങ്ങുവില നിരോധിക്കണമെന്ന് റിപ്പോർട്ട് സമർപ്പിച്ചു. കർഷകരുടെ വരുമാനം കൂട്ടാൻ പ്രത്യേക സാമ്പത്തികമേഖലകൾ രൂപീകരിക്കണമെന്നും ഇതിന് സർക്കാർ പണം ചെലവിടണമെന്നും സമിതിയിൽ കോർപറേറ്റ് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഭക്ഷ്യവിളകൾ സംഭരിക്കുന്നതിനുള്ള പരിധി നീക്കണമെന്നും ആവശ്യമുയർന്നു.
വിളകൾ വൻതോതിൽ ശേഖരിച്ച് കയറ്റുമതി ചെയ്യുന്ന വ്യവസായികൾക്ക് നേട്ടം നൽകുന്ന നിർദേശമായിരുന്നു ഇത്. കരാർകൃഷി പ്രോത്സാഹിപ്പിക്കാനുള്ള ശുപാർശയും വന്നു. ഇതെല്ലാം ഉൾപ്പെടുന്ന മൂന്ന് വിവാദ നിയമമാണ് മോദി സർക്കാർ കൊണ്ടുവന്നത്. ഒരു വർഷത്തിലേറെ നീണ്ട ഐതിഹാസിക കർഷകപ്രക്ഷോഭം ക്ഷണിച്ചുവരുത്തിയ ഈ പരിഷ്കാരങ്ങൾ ഒടുവിൽ മോദി സർക്കാരിന് പിൻവലിക്കേണ്ടി വന്നു.