ന്യൂഡൽഹി
മോദി സർക്കാർ കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച തൊഴിൽമേളകളിൽ സ്ഥാനക്കയറ്റം നേടിയ ജീവനക്കാർക്കും പുതിയ നിയമന ഉത്തരവ് കൈമാറിയതായി റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസവകുപ്പിനു കീഴിലെ സ്ഥാപനങ്ങളിലും കേന്ദ്ര സർവകലാശാലകളിലും മറ്റും സ്ഥാനക്കയറ്റം നേടിയ ജീവനക്കാർക്കും പുതിയ നിയമന ഉത്തരവ് നൽകിയതായി ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു.
തൊഴിൽമേളകളിലൂടെ നിയമനം ലഭിച്ചവരുടെ എണ്ണം പെരുപ്പിച്ച് കാണിക്കാനായിരുന്നു ഈ നീക്കം. വിവിധ നഗരങ്ങളിൽ നടത്തിയ തൊഴിൽമേളകളിലൂടെ 71,000 പുതിയ നിയമന ഉത്തരവ് നൽകിയെന്നാണ് കേന്ദ്ര സർക്കാർ അവകാശവാദം.
മൊഹാലി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ റിസർച്ച് (ഐഐഎസ്ഇആർ) നൽകിയ കണക്ക് പ്രകാരം അവർ 15 പുതിയ നിയമനവും 21 സ്ഥാനക്കയറ്റവും നൽകി. മൗലാന ആസാദ് ദേശീയ ഉർദു സർവകലാശാല 38 നിയമന ഉത്തരവ് പുറപ്പെടുവിച്ചു. ഇതിൽ, 18 എണ്ണം സ്ഥാനക്കയറ്റമാണ്. സ്ഥാനക്കയറ്റം കിട്ടിയവരെ പുതിയ നിയമനങ്ങളുടെ കണക്കിൽ ഉൾപ്പെടുത്തിയതിന്റെ യുക്തി അന്വേഷിച്ച് ടെലിഗ്രാഫ് കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ പ്രതികരണം തേടിയെങ്കിലും മറുപടിയുണ്ടായില്ല.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തുവന്ന സാഹചര്യത്തിലാണ് 2022 ഒക്ടോബർമുതൽ മോദി സർക്കാർ തൊഴിൽമേളകൾ സംഘടിപ്പിച്ചത്.