ന്യൂഡൽഹി
കലാപത്തിന്റെ പിടിയിലമർന്ന മണിപ്പുരിൽ സംസ്ഥാന സർക്കാരിന്റെ നഷ്ടപരിഹാര പദ്ധതി പരിശോധിച്ച് ഭേദഗതികൾ വരുത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ വനിതാ ജഡ്ജിമാരുടെ സമിതി. നിലവിലെ പദ്ധതിപ്രകാരം ചുരുക്കം ആളുകൾക്കുമാത്രമേ സഹായം ലഭിക്കുന്നുള്ളൂ. ഇതില് ഭേദഗതി വരുത്താൻ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയോട് (നാൽസ) ആവശ്യപ്പെടണം. വിദഗ്ധരടങ്ങുന്ന സമിതി അന്തിമ നഷ്ടപരിഹാരത്തുക നിശ്ചയിക്കണം. – മനുഷ്യാവകാശപ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാനുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് വിശദമായ ശുപാർശകൾ. മുൻ ജഡ്ജിമാരായ ഗീതാമിത്തൽ, ശാലിനി ഫസൽക്കർ ജോഷി, ആശാമേനോൻ എന്നിവർ മണിപ്പുർ സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടുകൾ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. പലായനം ചെയ്തവര്ക്ക് നഷ്ടമായ ആധാർ കാർഡുകൾ, വോട്ടർ കാർഡുകൾ, ബിപിഎൽ കാർഡുകൾ, ഡ്രൈവിങ് ലൈസൻസുകൾ, റേഷൻ കാർഡുകൾ തുടങ്ങിയ രേഖകൾ വീണ്ടും നല്കാന് നടപടി വേണം. ഭിന്നശേഷി വിഭാഗക്കാർക്ക് ആവശ്യമായ പ്രത്യേക സഹായങ്ങൾ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകണം.
ലൈംഗികാതിക്രമങ്ങൾക്കും മറ്റും ഇരകളായ സ്ത്രീകളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിനായി ഡോ. ഹരീഷ് ഷെട്ടി, ഡോ. ശേഖർ ശേഷാദ്രി, ഡോ. പത്മദേവ്സ്ഥലി തുടങ്ങിയവർ അംഗങ്ങളായ സമിതി രൂപീകരിക്കണമെന്നും ജഡ്ജിമാരുടെ സമിതി ശുപാർശ ചെയ്തു.