ന്യൂഡൽഹി
വടക്കുകിഴക്കൻ മേഖലയ്ക്ക് ബാധകമായ പ്രത്യേക വ്യവസ്ഥകൾ ഒരുകാരണവശാലും എടുത്തുകളയില്ലെന്ന് കേന്ദ്ര സർക്കാർ. ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയുടെ 370–-ാം അനുച്ഛേദം റദ്ദാക്കിയതിന് എതിരായ ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാബെഞ്ചു മുമ്പാകെയാണ് കേന്ദ്രസർക്കാർ ഈ ഉറപ്പ് നൽകിയത്.
വടക്കുകിഴക്കൻ മേഖലകൾക്ക് ബാധകമായ പ്രത്യേക വ്യവസ്ഥകളും ഭാവിയിൽ കേന്ദ്രസർക്കാർ എടുത്തുകളയാമെന്ന് ചൂണ്ടിക്കാട്ടി അരുണാചൽപ്രദേശിലെ രാഷ്ട്രീയനേതാവ് ഇടപെടൽ ഹർജി നൽകിയിരുന്നു. 370–-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചുതന്നെ ബുധനാഴ്ച ഈ ഹർജി പരിഗണിച്ചു.
ഭരണഘടനയുടെ 371–-ാം അനുച്ഛേദം, ആറാം ഷെഡ്യൂൾ തുടങ്ങിയവയിൽ വടക്കുകിഴക്കൻ മേഖലകൾക്ക് ബാധകമായ പ്രത്യേക വ്യവസ്ഥകൾ ഉണ്ടെന്നും അതെല്ലാം കേന്ദ്ര സർക്കാർ എടുത്തുകളയുമോ എന്ന ആശങ്കയുണ്ടെന്നും മുതിർന്ന അഭിഭാഷകൻ മനീഷ് തിവാരി വാദിച്ചു.
വടക്കുകിഴക്കൻ മേഖലയിലും മറ്റും ചെറിയ മാറ്റങ്ങൾപോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. മണിപ്പുരിലും മറ്റും സംഭവിക്കുന്ന കാര്യങ്ങൾ ഇതിനുള്ള ഉദാഹരണമാണെന്നും മനീഷ് തിവാരി പറഞ്ഞു. എന്നാൽ, വടക്കുകിഴക്കൻ മേഖലയ്ക്കോ രാജ്യത്തെ മറ്റേതെങ്കിലും മേഖലകൾക്കോ ബാധകമായ ഒരു വ്യവസ്ഥയിലും മാറ്റം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പ്രതികരിച്ചു. ഇതേത്തുടർന്ന്, ഇടപെടൽ ഹർജി തീർപ്പാക്കി.