ജൊഹന്നാസ്ബർഗ്
ബ്രിക്സിൽ കൂടുതൽ രാജ്യങ്ങളെ അംഗമാക്കുന്നതിനെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തിൽ അംഗരാജ്യങ്ങൾ ഏകാഭിപ്രായത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ നടത്തിയ പത്തുമിനിറ്റ് പ്രസംഗത്തിലാണ് മോദി അഭിപ്രായം വ്യക്തമാക്കിയത്. ആഫ്രിക്കൻ യൂണിയന് ജി 20യിൽ സ്ഥിരാംഗത്വം നൽകണമെന്ന ഇന്ത്യൻ അഭിപ്രായത്തോട് അംഗങ്ങൾ യോജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിപുലീകരണം പ്രധാന വിഷയമാക്കിയാണ് ഇത്തവണത്തെ ഉച്ചകോടി ചേരുന്നത്. 23 രാഷ്ട്രമാണ് അംഗത്വത്തിനായി അപേക്ഷിച്ചിരിക്കുന്നത്. പ്ലീനറി സെഷനിൽ അവസാനമായി സംസാരിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വിപുലീകരണത്തെ അനുകൂലിച്ചു. പാശ്ചാത്യ ആധിപത്യത്തെ ചെറുത്ത് സന്തുലിതാവസ്ഥ കൈവരിക്കാനുള്ള സംവിധാനമായി ബ്രിക്സിനെ രൂപപ്പെടുത്തണമെന്ന നിർദേശമാണ് ഷിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും മുന്നോട്ടുവച്ചത്.
യുഎൻ ചാർട്ടർ പ്രകാരമുള്ള അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഷി പറഞ്ഞു. സാമ്പത്തിക സമ്മർദത്തെ ചെറുക്കാൻ യോജിച്ചു നിൽക്കണം. ശീതയുദ്ധ മനോഭാവം ഇന്നും ലോകത്തെ വേട്ടയാടുന്നു. രാഷ്ട്രീയ, സുരക്ഷാ സഹകരണം വ്യാപിപ്പിക്കണം–- അദ്ദേഹം പറഞ്ഞു.
ബ്രിക്സ് രാജ്യങ്ങൾക്ക് പ്രത്യേക കറൻസി വേണമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രമഫോസയും സംസാരിച്ചു. മോദിയും ഷിയും പ്രത്യേക ചർച്ച നടത്തുമോ എന്നതിൽ വ്യക്തതയായിട്ടില്ല.
പ്രസിഡന്റ് വരാതെ ഇറങ്ങില്ലെന്ന് മോദി
ബ്രിക്സ് ഉച്ചകോടിക്ക് എത്തിയ തന്നെ സ്വീകരിക്കാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രമഫോസ നേരിട്ടെത്താത്തതിൽ പരിഭവിച്ച് വിമാനത്തിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കൾ അർധരാത്രി ജൊഹന്നാസ്ബർഗിൽ എത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ സ്വീകരിക്കാൻ രമഫോസ എത്തിയിരുന്നു. ചൊവ്വ പകൽ മോദി എത്തിയപ്പോൾ ഒരു മന്ത്രിയെയാണ് സ്വീകരിക്കാൻ അയച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് മോദി വിമാനത്തിൽത്തന്നെ തുടർന്നത്. ഒടുവിൽ ഡെപ്യൂട്ടി പ്രസിഡന്റ് പോൾ മഷറ്റൈലിനെ അയച്ചാണ് രമഫോസ വിഷയം പരിഹരിച്ചത്.