തിരുവനന്തപുരം
ചന്ദ്രനിൽ പ്രഭാതം വിടർന്നു. ചരിത്രമെഴുതി ചാന്ദ്രയാൻ 3 പറന്നിറങ്ങി. നീണ്ട കാത്തിരിപ്പിനും ചങ്കിടിപ്പിനും വിരാമമിട്ട് ഇന്ത്യ ചന്ദ്രനെ തൊട്ടു. ആശങ്കയും ആകാംക്ഷയും ആഹ്ലാദത്തിന് വഴിമാറി. അപ്രാപ്യമെന്ന് കരുതിയിരുന്ന ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ ഒരു പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുന്നത് ഇതാദ്യം. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യം എന്ന പദവി ഇന്ത്യക്ക് സ്വന്തമായി. ആദ്യ ബഹിരാകാശ ഏജൻസിയായി ഐഎസ്ആർഒയും. അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നിവയ്ക്കൊപ്പം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത നാലാമത്തെ രാജ്യവും.
റഷ്യയുടെ ലൂണ 25ന്റെ പരാജയത്തിനു തൊട്ടുപിന്നാലെ നടന്ന ദൗത്യം ലോകം ഉറ്റുനോക്കുകയായിരുന്നു. 41 ദിവസത്തെ യാത്രയ്ക്കൊടുവിൽ ബുധൻ വൈകിട്ട് 6.04നാണ് ‘ചാന്ദ്രയാൻ 3’ ചന്ദ്രന്റെ നിഴൽമേഖലയിൽ പറന്നിറങ്ങിയത്. പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാൻ ഇനി 14 നാൾ ധ്രുവപഠനം. മൂന്നു ദിവസം താഴ്ന്ന ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റിയ ലാൻഡറും റോവറും അടങ്ങിയ പേടകം വൈകിട്ട് 5.44ന് 30 കിലോമീറ്റർ അടുത്തെത്തി. മണിക്കൂറിൽ 6048 കിലോമീറ്റർ വേഗത്തിലെത്തിയ പേടകത്തെ നാല് ദ്രവ എൻജിൻ ജ്വലിപ്പിച്ച് നിയന്ത്രിച്ചു. ബംഗളൂരു ഇസ്ട്രാക്ക് മിഷൻ കൺട്രോൾ സെന്റർ നൽകിയ കമാൻഡ് കൃത്യമായി സ്വീകരിച്ചായിരുന്നു ജ്വലനം.
തുടർന്ന് പേടകത്തിന്റെ പ്രവർത്തനം പൂർണമായും സ്വയംനിയന്ത്രണ സംവിധാനത്തിലായി. വേഗം 1200 കിലോമീറ്ററായി കുറയ്ക്കുന്ന റഫ് ബ്രേക്കിങ് ഘട്ടം 11 മിനിറ്റ് നീണ്ടു. ചരിഞ്ഞ് നീങ്ങിയ പേടകം ചന്ദ്രനിൽനിന്ന് 7.4 കിലോമീറ്റർ ഉയരത്തിലും അവിടെനിന്ന് 6.5 കിലോമീറ്ററിലും എത്തി. തുടർന്ന് ലാൻഡറിന്റെ കാലുകൾ ചന്ദ്രോപരിതലത്തിലേക്ക് തിരിക്കുന്ന ഫൈൻ ബ്രേക്കിങ് ഘട്ടത്തിലേക്ക്. 800 മീറ്ററിലേക്ക് എത്തിയതോടെ പേടകം 15 സെക്കൻഡോളം നിശ്ചലമായി. ഇതിനിടെ സെൻസറുകളും കാമറകളും ഡോപ്ലർ വെലോസിറ്റി മീറ്ററും സോഫ്റ്റ് ലാൻഡിങ്ങിനുള്ള നിശ്ചിത സ്ഥലം നിരീക്ഷിച്ച് വിശകലനം ചെയ്ത് യാത്ര തുടർന്നു. 60 മുതൽ 10 മീറ്റർവരെ താഴേക്കുള്ള ദൂരം തൂവൽപോലെ പേടകം പറന്നു. സെക്കൻഡിൽ 2–-3 മീറ്റർ വേഗത്തിലായിരുന്നു അവസാനഘട്ടത്തിലെ കുത്തനെയുള്ള ഇറക്കം. വൈകിട്ട് 6.03ന് ചാന്ദ്രയാന്റെ നാല് കാലുകൾ ദക്ഷിണധ്രുവത്തിൽ തൊട്ടു. തൊട്ടടുത്ത നിമിഷത്തിൽ ചാന്ദ്രമണ്ണിൽ ഉറച്ചു. വിവരം എത്തിയതോടെ ഇസ്ട്രാക്കിലും ഐഎസ്ആർഒ സെന്ററുകളിലും ആഹ്ലാദാരവം ഉയർന്നു. ‘നാമതു നേടി’ ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പ്രതികരിച്ചു.
പടുകൂറ്റൻ ഗർത്തങ്ങളായ മാൻസിനസ് സി, സിം പെലിയസ് എന്നിവയ്ക്കിടയിലുള്ള സമതലത്തിലാണ് ലാൻഡർ സുരക്ഷിതമായി ഇറങ്ങിയത്. വലിയതോതിൽ പൊടിപടലം ഉയർന്നതിനാൽ ലാൻഡറിൽനിന്ന് രണ്ടര മണിക്കൂർ കഴിഞ്ഞാണ് റോവർ പുറത്തിറങ്ങിയത്. ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അഭിനന്ദിച്ചു. ഐഎസ്ആർആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണിക്കൃഷ്ണൻനായർ, എൽപിഎസ്സി ഡയറക്ടർ ഡോ. വി നാരായണൻ, ഇസ്ട്രാക്ക് ഡയറക്ടർ ബി എൻ രാമകൃഷ്ണ തുടങ്ങിയവർ ഇസ്ട്രാക്കിലുണ്ടായിരുന്നു.
ആദ്യ സന്ദേശമെത്തി
സോഫ്റ്റ് ലാൻഡ് ചെയ്തതിനുശേഷം ബംഗളൂരുവിലെ മിഷൻ ഓപറേഷൻ കോംപ്ലക്സുമായി ചാന്ദ്രയാൻ 3 പൂർണ ആശയവിനിമയം ആരംഭിച്ചു. പേടകം സ്വയംനിയന്ത്രിത സംവിധാനം വഴി ഇറങ്ങുന്നതിനിടെ പകർത്തിയ ചാന്ദ്രദൃശ്യങ്ങളും ലാൻഡർ അയച്ചു. ‘ഇന്ത്യ, ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. നീയും’ എന്നുള്ള ചാന്ദ്രയാൻ മൂന്നിന്റെ സന്ദേശവും ഐഎസ്ആർഒ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ചാന്ദ്രയാൻ 2ന്റെ ഓർബിറ്റർ വഴിയാണ് ആശയവിനിമയം. ലാൻഡറിന് നേരിട്ടും സന്ദേശങ്ങൾ അയക്കാനാകും.
ദൗത്യകാലം 14 ദിവസം
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ ഒരു ചാന്ദ്രപകലാണ് (14 ദിവസം) ലാൻഡറിന്റെ ദൗത്യകാലാവധി. ചന്ദ്രന്റെ ഘടന, മണ്ണ്, ധാതുക്കൾ, മൂലകങ്ങൾ, ജലസാന്നിധ്യം, നേർത്ത അന്തരീക്ഷം, ചാന്ദ്രചലനം, പ്ലാസ്മ തുടങ്ങിയവയെല്ലാം പഠനവിധേയമാക്കും. പ്രതലം കുഴിച്ചുള്ള പരീക്ഷണവും നടത്തും. ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്ക് അയക്കും.















