കൊല്ലം
ചാന്ദ്രയാൻ ദൗത്യത്തിൽ കെെയൊപ്പ് പതിപ്പിച്ച് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ചവറ കെഎംഎംഎൽ. ഇവിടെ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് മെറ്റൽ ഉപയോഗിച്ച് ഉണ്ടാക്കിയ അലോയ്കളാണ് ചാന്ദ്രയാൻ ബഹിരാകാശ പേടകത്തിലെ ക്രിട്ടിക്കൽ കമ്പോണന്റ്സ് നിർമിക്കാൻ ഉപയോഗിച്ചത്. കെഎംഎംഎൽ, വിഎസ്എസ്സി, ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറി (ഡിഎംആർഎൽ) എന്നിവയുടെ സംയുക്ത സംരംഭമായാണ് 500 ടൺ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് സ്ഥാപിച്ചത്. ടൈറ്റാനിയം സ്പോഞ്ച് ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്റാണിത്. ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾക്കും പ്രതിരോധ മേഖലയ്ക്കും ആവശ്യമായ ടൈറ്റാനിയം സ്പോഞ്ച് വിതരണം ചെയ്യുക എന്നതാണ് ദൗത്യം.
2006 ഡിസംബറിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനാണ് ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റിന്റെ ശിലാസ്ഥാപനം നടത്തിയത്. 2011 ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങി. ഇതോടെ, ടൈറ്റാനിയം ലോഹത്തിന്റെ അസംസ്കൃത വസ്തുവായ ടൈറ്റാനിയം സ്പോഞ്ച് ഉൽപ്പാദന സാങ്കേതികവിദ്യയുള്ള ലോകത്തിലെ ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറി. 2011 സെപ്തംബറിൽ കെഎംഎംഎൽ ടൈറ്റാനിയം സ്പോഞ്ചിന്റെ ആദ്യ ബാച്ച് വ്യവസായികമായി നിർമിച്ചു. ചാന്ദ്രയാൻ 2 ദൗത്യത്തിനും കെഎംഎംഎല്ലിൽനിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചിരുന്നു.
സ്പോഞ്ച് ഉൽപ്പാദനത്തിന്റെ ഭാഗമായി ഉപോൽപ്പന്നമായി ഉണ്ടാകുന്ന മഗ്നീഷ്യം ക്ലോറൈഡിൽനിന്ന് മഗ്നീഷ്യം വേർതിരിച്ചെടുക്കുന്നതിന് പുതിയ മഗ്നീഷ്യം റീസൈക്ലിങ്ങ് പ്ലാന്റ് നിർമിക്കുകയാണ് ഇപ്പോൾ.















