പാൽഗർ > മഹാരാഷ്ട്രയിലെ പൽഗറിൽ പതിനേഴുകാരൻ അമ്മയെ മഴു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്മ മൊബൈലിൽനിന്ന് മെസേജ് അയക്കുന്നതു കണ്ട് ക്ഷുഭിതനായാണ് കുട്ടി കൊലപാതകം നടത്തിയതെന്ന് പൊലീസ് അധികൃതർ പറഞ്ഞു. വസായ് ടൗൺഷിപ്പിലെ പരോൾ ഏരിയയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സൊണാലി ഗൊഗ്രയാണ് (35) കൊല്ലപ്പെട്ടത്. ഞായർ രാത്രി കുട്ടിയും അമ്മയും ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. സൊണാലി മെസേജ് അയയ്ക്കുന്നത് ശ്രദ്ധയിൽപെട്ട കുട്ടി മഴുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
സൊണാലിയുടെ സ്വഭാവത്തിൽ കുട്ടിക്ക് സംശയം തോന്നിയിരുന്നെന്നും ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും മാണ്ഡവി പൊലീസ് ഇൻസ്പെക്ടർ അശോക് കാംബ്ലെ പറഞ്ഞു. കൊല നടക്കുന്ന സമയത്ത് മറ്റ് അംഗങ്ങളൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ സൊണാലിയെ ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്യും.















