കാട്ടാക്കട > കൈക്കൂലി വാങ്ങിയ 10,000 രൂപയുമായി വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. മലയിൻകീഴ് മച്ചേൽ സ്വദേശി ഗോപകുമാർ (50) ആണ് അറസ്റ്റിലായത്. 10 കിലോമീറ്ററിലേറെ പിന്തുടർന്നാണ് സംഘം ഇയാളെ പിടികൂടിയത്. അർബുദ രോഗിയായ വെള്ളനാട് മുണ്ടേല സ്വദേശിനിക്ക് ലൈഫ് പദ്ധതിപ്രകാരം കിട്ടിയ വീട് നിർമിക്കാൻ വസ്തുവിലെ മണ്ണ് നീക്കുന്നതിന് നൽകിയ അപേക്ഷയിലാണ് ഗോപകുമാർ കുരുക്കിട്ടത്. വീട്ടമ്മയുടെ ബന്ധു ഉണ്ണികൃഷ്ണനാണ് അപേക്ഷ സമർപ്പിച്ചത്. 20,000 രൂപ നൽകിയാലേ സ്ഥലപരിശോധനയ്ക്ക് എത്തൂ എന്നായിരുന്നു സെക്രട്ടറി ഉണ്ണികൃഷ്ണനോട് പറഞ്ഞത്.
ഇയാൾ വിജിലൻസിന് പരാതി നൽകി. വിജിലൻസ് സംഘം നൽകിയ10,000 രൂപ പഞ്ചായത്ത് സെക്രട്ടറിക്ക് ചൊവ്വ വൈകിട്ട് അഞ്ചോടെ മുണ്ടേലയ്ക്കടുത്ത് കാറിൽവച്ച് കൈമാറി. തുടർന്ന് ഉദ്യോഗസ്ഥർ ഗോപകുമാറിന്റെ കാറിനെ പിന്തുടർന്നു. കാട്ടാക്കട ജങ്ഷനിൽനിന്ന് നെയ്യാർഡാമിലേക്ക് തിരിയുന്ന ഭാഗത്ത് വിജിലൻസ് സംഘം കാർ തടഞ്ഞു. പരിശോധനയിൽ വിജിലൻസ് കൈമാറിയ അഞ്ഞൂറിന്റെ 20 നോട്ടും കണ്ടെത്തി.
കാറിൽ നടത്തിയ പരിശോധനയിൽ കൂടുതൽ പണം കണ്ടെത്തി. നിരവധി പരാതികളെ തുടർന്ന് ഏറെ നാളായി ഗോപകുമാറിനെ വിജിലൻസ് നിരീക്ഷിച്ചുവരികയായിരുന്നു. വിജിലൻസ് ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പ്രദീപ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ സജി മോഹൻ, രാജേഷ്, സതീഷ്, രാം കുമാർ, സുജേഷ്, സജിത്, വിജിത്, വിപിൻ രാജ് എന്നിവരാണ് പിടികൂടിയത്.















