മസ്കറ്റ് > എച്ച്എസ്ബിസി ഒമാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി പൂർണ്ണമായും സൊഹാർ ഇന്റർനാഷണലിൽ ലയിച്ചു. എച്ച്എസ്ബിസി ഒമാന്റെ എല്ലാ ആസ്തികളും (കരാറുകളും ജീവനക്കാരും ഉൾപ്പെടെ) സൊഹാർ ഇന്റർനാഷണലിലേക്ക് മാറ്റി. 17 ന് ലയനം പൂർത്തിയായതായി സൊഹാർ ഇന്റർനാഷണൽ അറിയിച്ചു.
ലയനപ്രക്രിയ പൂർത്തിയായ സാഹചര്യത്തിൽ എച്ച്എസ്ബിസി ഒമാനെ മസ്കറ്റ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ (MSX) നിന്ന് ഡീലിസ്റ്റ് ചെയ്തതായും വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കിയതായും സൊഹാർ ഇന്റർനാഷണൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ലയനം പൂർത്തിയായതോടെ ഒരു പ്രേത്യേക കോർപറേറ്റ് സ്ഥാപനം എന്ന നിലയിലുള്ള എച്ച്എസ്ബിസിയുടെ അംഗീകാരവും അതിന്റെ എല്ലാ ഓഹരികളും റദ്ദായതായും സൊഹാർ ഇന്റർനാഷണൽ കൂട്ടിച്ചേർത്തു.
2022 നവംബർ 15ലെ ലയന കരാറിന്റെ നിബന്ധനകൾക്കനുസൃതമായി എച്ച് എസ് ബി സി ഒമാന്റെ എല്ലാ ഓഹരി ഉടമകൾക്കും തങ്ങളുടെ ഓഹരികളുടെ മൂല്യം പണമായോ, സൊഹാർ ഇന്റർനാഷണലിലെ ഓഹരികളായോ അല്ലെങ്കിൽ ഇവ രണ്ടും സംയോജിപ്പിച്ചോ സ്വീകരിക്കാവുന്നതാണെന്ന് സൊഹാർ ഇന്റർനാഷണലിന് മസ്കറ്റ് ക്ലിയറിംഗ് ആൻഡ് ഡിപ്പോസിറ്ററിയിൽ നിന്ന് സ്ഥിരീകരണം ലഭിച്ചതായും അധികൃതർ അറിയിച്ചു.















