കുവൈത്ത് സിറ്റി > യാത്രക്കുമുമ്പ് ഗതാഗത നിയമലംഘന പിഴയടക്കണമെന്ന തീരുമാനം നടപ്പാക്കിയ ആദ്യ ദിവസം 70 പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയാതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പണമടയ്ക്കാൻ കഴിയാത്ത ഗുരുതരമായ ലംഘനങ്ങൾ കാരണം ഏകദേശം 50 പുരുഷന്മാരുടെയും 20 സ്ത്രീകളുടെയും യാത്രയാണ് റദ്ദാക്കിയത്. രാജ്യത്തെ കര, വ്യോമ, കടൽ തുറമുഖങ്ങളിലെ ഡിപ്പാർട്ട്മെന്റ് ഓഫീസ് മുഖേന ആദ്യ 24 മണിക്കൂറിനുള്ളിൽ ആഭ്യന്തര മന്ത്രാലയം ട്രാഫിക് പിഴയായി 66,000 ദിനാർ സമാഹരിച്ചതായും മന്ത്രാലയം വ്യക്തമാക്കി
ഗതാഗത നിയമലംഘനങ്ങൾക്ക് പ്രവാസികൾ നൽകാനുള്ള പിഴ രാജ്യം വിടുംമുമ്പ് ഈടാക്കുന്നതിനുള്ള തീരുമാനം ശനിയാഴ്ച മുതലാണ് നിലവിൽ വന്നത്. വിമാനത്താവളത്തിൽ ഇവ പരിശോധിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഒടുക്കാതെ പ്രവാസികൾക്ക് കര-വ്യോമ അതിർത്തികൾ വഴി ഇനി യാത്ര ചെയ്യാനാകില്ല. പിഴ ആഭ്യന്തര മന്ത്രാലയത്തിൻറെ ഓൺലൈൻ പോർട്ടൽ വഴിയോ ഗതാഗത വകുപ്പിന്റെ ഓഫിസുകൾ വഴിയോ അടക്കാം. വിമാനത്താവളങ്ങളിലുംചെക്ക്പോസ്റ്റുകളിലും സജ്ജീകരിച്ചിരിക്കുന്ന പേയ്മെന്റ് ഓഫീസുകൾ വഴിയും പിഴ അടക്കാം. യാത്രക്കുമുമ്പ് ഇവ പരിശോധിച്ച് അടച്ചു തീർത്ത് നിയമനടപടികളിൽനിന്ന് പുറത്തുകടക്കണം.