ന്യൂഡൽഹി
ത്രിപുരയിൽ രണ്ടാമതും അധികാരത്തിലേറി മാസങ്ങൾക്കുള്ളിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് വെല്ലുവിളിയാകുന്നു. ധൻപ്പുർ, ബോക്സാനഗർ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ധൻപ്പുരിൽ ബിജെപി ജയിച്ചപ്പോൾ ബോക്സാനഗറിൽ സിപിഐ എമ്മിനായിരുന്നു വിജയം. ധൻപ്പുരിൽ ജയിച്ച ബിജെപിയുടെ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്ക് എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബോക്സാനഗറിൽ സിപിഐ എം എംഎൽഎ ഷംസുൾ ഹഖിന്റെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്.
1972 മുതൽ തുടർച്ചയായി സിപിഐ എം ജയിച്ചിരുന്ന മണ്ഡലമാണ് ധൻപ്പുർ. 1998 മുതൽ മുൻമുഖ്യമന്ത്രി മണിക്ക് സർക്കാർ തുടർച്ചയായി ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണിക്ക് സർക്കാർ മത്സരിച്ചില്ല. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന പരിവേഷത്തോടെ മത്സരിച്ച പ്രതിമ ഭൗമിക്ക് സിപിഐ എമ്മിന്റെ കൗശിക്ക് ചന്ദയെ 3500 വോട്ടിന് തോൽപ്പിച്ചു. കൗശിക്ക് ചന്ദ തന്നെയാണ് സിപിഐ എമ്മിനായി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബിന്ദു ദേബ്നാഥാണ് ബിജെപി സ്ഥാനാർഥി.
ബോക്സാനഗറിൽ ഷംസുൾ ഹഖ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 4849 വോട്ടിനാണ് ജയിച്ചത്. 1993 മുതൽ സിപിഐ എം തുടർച്ചയായി ജയിക്കുന്ന മണ്ഡലമാണ് ബോക്സാനഗർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷംസുൾ ഹഖിനോട് തോറ്റ തഫാജൽ ഹുസൈനാണ് ഉപതെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥി. മിസാൻ ഹുസൈനാണ് സിപിഐ എമ്മിനായി രംഗത്ത്. രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് സിപിഐ എമ്മിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച തിപ്രമോത രണ്ട് സീറ്റിലും സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. ആർക്കും പിന്തുണയും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധൻപ്പുരിൽ തിപ്രമോതയ്ക്ക് 8671 വോട്ടും ബോക്സാനഗറിൽ 3010 വോട്ടും ലഭിച്ചിരുന്നു.
ത്രിപുരയിലെ രണ്ട് മണ്ഡലങ്ങൾക്കൊപ്പം ബംഗാളിലെ ദുപ്ഗുരി മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പുണ്ട്. വടക്കൻ ബംഗാളിലെ ദുപ്ഗുരിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് ജയിച്ചത്. എംഎൽഎയായിരുന്ന ബിഷ്ണുപദ റോയ് മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. കശ്മീരിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്റെ ഭാര്യ താപസി റോയ് ആണ് ബിജെപി സ്ഥാനാർഥി. സിപിഐ എമ്മിന്റെ ഈശ്വർചന്ദ്ര റോയിയും തൃണമൂൽ കോൺഗ്രസിന്റെ നിർമൽചന്ദ്ര റോയിയുമാണ് എതിരാളികൾ. നാടോടി ഗായകൻകൂടിയായ ഈശ്വർചന്ദ്ര റോയിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.