ഇംഫാൽ
മണിപ്പുരിൽ പരസ്പരം പോരാടുന്നവരെ ചർച്ചയുടെ പാതയിൽ എത്തിക്കാൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഈ സ്ഥിതിയിൽ മണിപ്പുർ തുടരുന്നത് അനുവദിക്കാൻ കഴിയില്ല. മനുഷ്യത്വം ഇല്ലാതാകലാണ് മണിപ്പുരിൽ സംഭവിച്ചിരിക്കുന്നത്. ഇത് മെയ്ത്തീകളുടെയോ കുക്കികളുടെയോമാത്രം പ്രശ്നമല്ല. മണിപ്പുരിന്റെമാത്രം പ്രശ്നവുമല്ല. ഇന്ത്യയുടെ പ്രശ്നമായി മാറിയിരിക്കുകയാണ്–-ഇംഫാൽ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് യെച്ചൂരി പറഞ്ഞു.
എന്തുകൊണ്ടാണ് മണിപ്പുരിലേക്ക് സർവകക്ഷി സംഘത്തെ അയക്കാത്തതെന്ന് കേന്ദ്രത്തോട് അദ്ദേഹം ആരാഞ്ഞു. മുൻകാലങ്ങളിൽ വൻതോതിൽ കലാപങ്ങളും സംഘർഷങ്ങളുമുണ്ടായ സംസ്ഥാനങ്ങളിലേക്ക് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘത്തെ അയച്ചിട്ടുണ്ട്. മൂന്നര മാസം കഴിഞ്ഞിട്ടും മണിപ്പുരിലേക്ക് സർവകക്ഷി പ്രതിനിധിസംഘത്തെ അയച്ചില്ല. കലാപത്തിന് പിന്തുണ നൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ സമാധാന പ്രക്രിയ തുടങ്ങണം.
60,000ത്തോളം കേന്ദ്ര സേനാംഗങ്ങളെ നിയോഗിച്ചിട്ടും ജനങ്ങൾക്ക് സുരക്ഷയില്ല. കലാപം നിയന്ത്രിക്കാൻ സേനയ്ക്ക് നിർദേശം നൽകാത്തതിന്റെ കാരണം സർക്കാരിനുമാത്രമേ അറിയാവൂ. മുഖ്യമന്ത്രി ബിരേൻസിങ് കേന്ദ്രവുമായി സഹകരിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാൻ അമിത് ഷായ്ക്കുമാത്രമേ കഴിയൂ എന്നും യെച്ചൂരി പ്രതികരിച്ചു.