ന്യൂഡൽഹി
ജി23 എന്ന പേരിൽ കോൺഗ്രസ് നേതൃത്വത്തിനെതിരായി കലാപക്കൊടി ഉയർത്തിയ നേതാക്കളിൽ ചിലരെക്കൂടി ഉൾപ്പെടുത്തിയാണ് പുതിയ പ്രവർത്തകസമിതിക്ക് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രൂപം നൽകിയത്. ഒപ്പം രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ ശ്രമിച്ച സച്ചിൻ പൈലറ്റിനും ഇടം നൽകി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തുവരുന്ന ഘട്ടത്തിലാണ് വിമതരെ തൃപ്തിപ്പെടുത്താനുള്ള ഹൈക്കമാൻഡ് നീക്കം.
സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായിരിക്കെ 2020 സെപ്തംബറിലാണ് അവസാനമായി കോൺഗ്രസ് പ്രവർത്തകസമിതി അഴിച്ചുപണിതത്. |
പുതിയ പ്രവർത്തകസമിതിയിൽ 39 അംഗങ്ങളുണ്ട്. പുറമെ 18 സ്ഥിരം ക്ഷണിതാക്കളും 14 സംസ്ഥാന ചുമതലക്കാരും ഒമ്പത് പ്രത്യേക ക്ഷണിതാക്കളുമുണ്ട്. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, എൻഎസ്യുഐ, സേവാദൾ എന്നീ പോഷകസമിതികളുടെ പ്രസിഡന്റുമാരും വിപുലമായ സമിതിയിൽ ഉൾപ്പെടും. സിപിഐയിൽനിന്ന് കോൺഗ്രസിലെത്തിയ കനയ്യകുമാർ സംസ്ഥാന ചുമതലക്കാരുടെ പട്ടികയിലുണ്ട്. ഹിമാചലിൽ മുഖ്യമന്ത്രിസ്ഥാനം മോഹിച്ചിരുന്ന പ്രതിഭാ സിങ്ങിനെ സ്ഥിരം ക്ഷണിതാവാക്കി. സോണിയ, പ്രിയങ്ക, ദീപാദാസ് മുൻഷി എന്നിവർക്കു പുറമെ അംബിക സോണി, മീരാകുമാർ, കുമാരി ഷെൽജ എന്നിവർ വനിതകളായി പ്രവർത്തകസമിതിയിലുണ്ട്.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ, പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തി. പി എൽ പുനിയ, പ്രമോദ് തിവാരി, രഘു ശർമ, ജയ്പ്രകാശ് അഗർവാൾ, എച്ച് കെ പാട്ടീൽ, കെ എച്ച് മുനിയപ്പ എന്നിവർ ഒഴിവാക്കപ്പെട്ടു.