ന്യൂഡല്‍ഹി
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ അഴിമതി പരാതികള്‍ ലഭിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണെന്ന് കേന്ദ്ര വിജിലന്‍സ് കമീഷൻ (സിവിസി). അതിനുശേഷം, റെയില്‍വേ, ബാങ്ക് ഉദ്യോഗസ്ഥരാണ് അഴിമതി പരാതി നേരിടുന്നത്. സിവിസിയുടെ വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
2022ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിച്ചത് 1,15,203 പരാതിയാണ്. ഇതില്‍ 85,437 എണ്ണം തീര്‍പ്പാക്കിയതായും 29,766 പരാതി തീര്‍പ്പാക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെതിരെ 46,643 പരാതിയും റെയില്‍വേക്കെതിരെ 10,580 പരാതിയും ബാങ്കുകള്‍ക്കെതിരെ 8129 പരാതിയുമാണ് ലഭിച്ചത്. തലസ്ഥാനമായ ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്ക്കെതിരെമാത്രം 7370 പരാതി ലഭിച്ചു. ഇതില്‍ 6604 എണ്ണം തീര്‍പ്പാക്കിയെന്നും സിവിസി റിപ്പോര്‍ട്ടിൽ പറയുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ പരിശോധിക്കാന്‍ മൂന്നുമാസത്തെ സമയമാണ് കേന്ദ്ര വിജിലന്‍സ് കമീഷന് നല്‍കിയിരിക്കുന്നത്.