കണ്ണൂർ
ഹാൾ മാർക്കുചെയ്ത സ്വർണാഭരണങ്ങളിൽ മായംചേർത്ത് തൂക്കംകൂട്ടി ജ്വല്ലറികളിൽ വിൽക്കുന്ന തട്ടിപ്പുസംഘങ്ങൾ രംഗത്ത്. ജ്വല്ലറികളിൽ ഇത്തരം സ്വർണം എത്തുന്നുവെന്ന വിവരം പുറത്തുവന്നതോടെ വലിയ വിലകൊടുത്തുവാങ്ങിയ ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഇത്തരം സ്വർണം വിൽക്കാനെത്തിയ മൂന്നുപേർ പിടിയിലായിരുന്നു. ഇതേരീതിയിൽ തട്ടിപ്പു നടത്തുന്ന കൂടുതൽ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് പൊലീസിന്റെ വിലയിരുത്തൽ.
ബിഐഎസ് ഹാൾ മാർക്കുചെയ്ത അരപ്പവന്റെ ആഭരണമാണ് കഴിഞ്ഞദിവസം കണ്ണൂരിൽ വിൽക്കുന്നതിടെ പിടികൂടിയത്. ഹാൾ മാർക്കുള്ള സ്വർണാഭരണം വാങ്ങിയശേഷം ഇരട്ടിയോളം ചെമ്പ്, ഈയം തുടങ്ങിയ ലോഹങ്ങൾചേർത്ത് തൂക്കം കൂട്ടുകയാണ് ചെയ്യുന്നത്. ഹാൾ മാർക്ക് മുദ്ര അതേപടി നിലനിർത്തുന്നതിനാൽ പെട്ടെന്ന് മനസ്സിലാക്കാനും കഴിയില്ല. വള, നെക്ലേസ്, മാല തുടങ്ങിയ ആഭരണങ്ങളിൽ മൊട്ടുപോലുള്ളവ കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. ഈ മൊട്ടുകൾക്കുള്ളിലാണ് മായം ചേർക്കുന്നത്.
അരപ്പവന്റെ ആഭരണത്തിൽ മായംചേർത്ത് ഒരുപവനിലേറെയാക്കി മാറ്റും. വലിയ തൂക്കമുള്ളവ പെട്ടെന്ന് വിൽക്കാനാകില്ലെന്നതിനാലാണ് ചെറിയ അളവിലുള്ളവ ഉണ്ടാക്കുന്നത്. പ്രമുഖ ജ്വല്ലറികളുടെയും മറ്റും എംബ്ലമടങ്ങിയ ഹാൾ മാർക്ക് ആണെന്നതിനാൽ ചെറുകിട ജ്വല്ലറിക്കാർ ഇത്തരക്കാരെ അവിശ്വസിക്കാറുമില്ല. പ്രമുഖ ജ്വല്ലറികളിലും തട്ടിപ്പുകാർ ഇത്തരം സ്വർണം വിൽക്കാറുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇങ്ങനെ വാങ്ങുന്ന സ്വർണത്തിന് ബിൽ നൽകാറുമില്ല.
കണ്ണൂരിൽ കഴിഞ്ഞ ദിവസം ഒരു ജ്വല്ലറി ഉടമയ്ക്ക് സംശയം തോന്നിയതോടെയാണ് തട്ടിപ്പുകാർ പിടിയിലായത്. ചില ജ്വല്ലറി ഉടമകൾ തട്ടിപ്പുകാരെ പൊലീസിനു കൈമാറുമെങ്കിലും മറ്റുചിലരാകട്ടെ, നഷ്ടപ്പെട്ട പണം തിരിച്ചുവാങ്ങി ഒത്തുതീർപ്പിന് ശ്രമിക്കുകയാണ്. കൂടുതൽ അന്വേഷണം നടന്നാൽ നേരത്തെ വാങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്നുള്ള ഭയവും ഒത്തുതീർപ്പുനു പിന്നിലുണ്ട്. മായംചേർത്ത് തൂക്കംകൂട്ടിയ ആഭരണങ്ങൾ ബാങ്കുകളിലും മറ്റും പണയംവച്ച് വായ്പയെടുത്തതായും പൊലീസ് സംശയിക്കുന്നുണ്ട്.
സ്വർണത്തിൽ മായംചേർത്ത് വിൽപ്പന; മൂന്നുപേർ അറസ്റ്റിൽ
കണ്ണൂർ
സ്വർണത്തിൽ മായംചേർത്ത് തൂക്കംകൂട്ടി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. തലശേരി സ്വദേശി സിറാജുദ്ദീൻ (41), അഴീക്കോട് സ്വദേശി സുജയിൽ (40), ഇരിക്കൂർ സ്വദേശി റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ നഗരത്തിലെ ജെംസ് ജ്വല്ലറിയിൽ സ്വർണാഭരണം വിറ്റ സിറാജുദ്ദീനും സുജയിലും മറ്റൊരു ജ്വല്ലറിയിൽ വിൽപ്പനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സ്വർണാഭരണം മുറിച്ചുനോക്കിയപ്പോഴാണ് ഈയം ചേർത്തതായി കണ്ടെത്തിയത്.
എസിപി ടി കെ രത്നകുമാറിന്റെ നിർദേശപ്രകാരം ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹൻ രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരിൽനിന്നാണ് സ്വർണാഭരണം ഇവർക്ക് നൽകുന്ന റഫീഖിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന്, ഇയാളെയും അറസ്റ്റുചെയ്തു. കണ്ണൂർ നഗരത്തിലെയും പരിസരത്തെയും നിരവധി ജ്വല്ലറികളിൽ ഇത്തരം വ്യാജ സ്വർണം വിൽപ്പന നടത്തിയതായി അന്വേഷണത്തിൽ പൊലീസിന് വ്യക്തമായിട്ടുണ്ട്. ഹാൾ മാർക്കുള്ള സ്വർണാഭരണം വാങ്ങി ഈയം, ചെമ്പ് തുടങ്ങിയവ ചേർത്താണ് തൂക്കം വർധിപ്പിക്കുന്നത്.