ന്യൂഡൽഹി
മോദിസർക്കാർ 2014നുശേഷം പ്രഖ്യാപിച്ച 15 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപനങ്ങളിൽ ഒരെണ്ണവും ഇതുവരെയും പൂർണമായും പ്രവർത്തനസജ്ജമായിട്ടില്ല. മിക്ക എയിംസുകളിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ (ഐപിഡി) പോലും ആയിട്ടില്ല. യാഥാർഥ്യങ്ങൾ മറച്ചുവച്ച് രാജ്യത്ത് എയിംസുകളുടെ വസന്തമുണ്ടാക്കിയെന്ന അവകാശവാദമാണ് പ്രധാനമന്ത്രി നടത്തുന്നത്.
2014ൽ പ്രഖ്യാപിച്ച ഗൊരഖ്പുർ (യുപി), മംഗളഗിരി (ആന്ധ്രപ്രദേശ്), കല്യാണി (പശ്ചിമബംഗാൾ), ഭട്ടിൻഡ (പഞ്ചാബ്) എയിംസുകളിൽ ഐപിഡി പരിമിതമായി പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെല്ലാം ഔട്ട്പേഷ്യന്റ് സേവനങ്ങളും (ഒപിഡി) പരിമിതമാണ്. 2015ൽ പ്രഖ്യാപിച്ച ഗുവാഹത്തി, ബിലാസ്പുർ (ഹിമാചൽപ്രദേശ്) എയിംസുകളിലും ഇതുതന്നെ സ്ഥിതി.
അതേസമയം, 2015ൽ തന്നെ പ്രഖ്യാപിച്ച മധുരൈ (തമിഴ്നാട്), ദർഭംഗാ (ബിഹാർ), അവന്തിപോറ, വിജയ്പുർ (ജമ്മു കശ്മീർ) എയിംസുകളുടെ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. ദർഭംഗാ എയിംസിനായി സംസ്ഥാനസർക്കാർ ഏറ്റെടുത്ത് നൽകിയ 200 ഏക്കർ ഭൂമി കേന്ദ്രസർക്കാർ ഉപയോഗശൂന്യമെന്ന് കാട്ടി തള്ളി.
മധുരൈ എയിംസിന്റെ നിർമാണപ്രവർത്തനങ്ങൾ 2024 അവസാനത്തോടെ മാത്രമേ തുടങ്ങാൻ സാധ്യതയുള്ളൂവെന്ന് ജപ്പാൻ ഇന്റർനാഷണൽ കോർപറേഷൻ ഏജൻസി (ജൈക്ക) അറിയിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രിതന്നെ അറിയിച്ചിട്ടുണ്ട്. അവന്തിപോറയിൽ 32 ശതമാനവും വിജയ്പുരിൽ 82 ശതമാനവും നിർമാണപ്രവർത്തനങ്ങൾമാത്രമാണ് പൂർത്തിയായത്.
2014ൽ തന്നെ പ്രഖ്യാപിച്ച റേവാഡി (ഹരിയാന) എയിംസിന്റെ നിർമാണം കഴിഞ്ഞമാസമാണ് തുടങ്ങിയത്.
2017ൽ പ്രഖ്യാപിച്ച ബിബിനഗർ (ഹൈദരാബാദ്) എയിംസിന്റെ 24 ശതമാനം നിർമാണം മാത്രമാണ് പൂർത്തിയായത്. ദിയോഗഢ് (ജാർഖണ്ഡ്), രാജ്കോട്ട് (ഗുജറാത്ത്) എയിംസുകളുടെ നിർമാണപ്രവർത്തനങ്ങളും നടക്കുന്നു. എന്നാൽ, നിർമാണം പൂർത്തിയാകാത്ത ഒപിഡി, ഐപിഡി, സേവനങ്ങളില്ലാത്ത എയിംസുകളിലും എംബിബിഎസ് ക്ലാസുകൾ നടത്തുന്നുണ്ട്. താൽക്കാലിക ക്യാമ്പസുകളും മറ്റുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.