മംഗളൂരു
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽനിന്ന് മുക്തി നേടുംമുമ്പ് കർണാടകത്തിൽ കാലുമാറ്റിച്ചവിട്ടാന് ബിജെപിയിലെ പ്രമുഖ നേതാക്കൾ. ബിജെപി എംഎൽഎമാരായവരും ബിജെപി ടിക്കറ്റിൽ മത്സരിച്ച് തോറ്റവരുമായ പതിനഞ്ചിലധികം പേരെയാണ് കോൺഗ്രസ് മറുകണ്ടം ചാടിക്കാൻ തീവ്രശ്രമം നടത്തുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നുമാസം പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാൻ ബിജെപി നേതൃത്വത്തിന് ആയിട്ടില്ല. മുൻമുഖ്യമന്ത്രി യെദ്യൂരപ്പയെയാണ് പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ബിജെപി നിയോഗിച്ചിരിക്കുന്നത്.
എന്നാൽ, യെദ്യൂരപ്പ വിളിച്ച എംഎൽഎമാരുടെ അടിയന്തര യോഗത്തിൽനിന്ന് ബംഗളൂരു കെ ആർ പുര മണ്ഡലം എംഎൽഎ ബൈരതി ബസവരാജ്, യശ്വന്ത്പുര എംഎൽഎ, എസ് ടി സോമശേഖര എന്നിവർ വിട്ടുനിന്നു. 2019ൽ ജെഡിഎസ്-– -കോൺഗ്രസ് സഖ്യ സർക്കാരിനെ മറിച്ചിടാൻ ബിജെപിയിലേക്ക് പോയ എംഎൽഎമാരിൽ പ്രമുഖരാണ് ഇരുവരും.