ചുരാചന്ദ്പുർ (മണിപ്പുർ)
രണ്ട് ശത്രുരാജ്യങ്ങളുടെ അതിർത്തിയിൽ ഇത്രയും സന്നാഹങ്ങൾ ഉണ്ടാകില്ല. ബങ്കറുകൾ, മുള്ളുവേലികൾ, കൂറ്റൻ ഇരുമ്പു പൈപ്പുകൾ, അള്ളുപോലെ വച്ചിരിക്കുന്ന ഇരുമ്പാണികൾ, മൺകൂനകൾ– -മണിപ്പുരിൽ ദേശീയപാതയിൽ ബിഷ്ണുപുർ, ചുരാചന്ദ്പുർ ജില്ലകളുടെ അതിർത്തിയിൽ ഇതാണ് സ്ഥിതി. ഇതിനു പുറമെ, സിആർപിഎഫ് ഭടന്മാരും കവചിത വാഹനങ്ങളുമുണ്ട്. റോഡരികിലെ വീടുകൾ സൈനികരുടെ താൽക്കാലിക താവളങ്ങളായി മാറി. അതിർത്തിയിൽ ഇരു വിഭാഗങ്ങളും ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെ മെയ്ത്തീ, -കുക്കി വനിതകൾ പരിശോധന നടത്തുന്നു.
ഇംഫാലില്‍ സീതാറാം യെച്ചൂരിയും സംഘവും ഗവര്‍ണര്‍ അനസൂയ ഉയ്കെയെ സന്ദര്‍ശിച്ചപ്പോള്‍
ബിഷ്ണുപുരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹം മെയ്ത്തീ വനിതകൾ തടഞ്ഞിട്ടിരിക്കുകയാണ്.
കലാപം പൊട്ടിപ്പുറപ്പെട്ട് മൂന്നരമാസം പിന്നിടുമ്പോഴും ഇരുവിഭാഗങ്ങൾക്കിടയിലും അവിശ്വാസവും വിദ്വേഷവും അനുദിനം വളരുകയാണ്. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കേന്ദ്ര– -സംസ്ഥാന സർക്കാരുകൾക്കും സാധിച്ചിട്ടില്ല. മണിപ്പുരിൽ സമാധാനം മെല്ലെ കടന്നുവരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ട പ്രസംഗത്തിൽ പറഞ്ഞത് പൊള്ളയായ അവകാശവാദമാണ്. യുദ്ധഭൂമിയിൽ റെഡ്ക്രോസ് വഴി ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാറുണ്ടെങ്കിൽ ഇവിടെ അതുപോലും നടക്കുന്നില്ല.
ദേശീയപാതയിലെ 20 ഉപരോധമെങ്കിലും കടന്നുവേണം ഇംഫാലിൽനിന്ന് ബിഷ്ണുപുർവഴി ചുരാചന്ദ്പുരിലേക്കും തിരിച്ചും എത്താൻ. ജൂലൈ അവസാനംവരെ പൂർണമായും അടച്ചിട്ട പാത വീണ്ടും ഭാഗികമായി തുറന്നശേഷവും കുക്കികൾ ബിഷ്ണുപുരിലേക്കോ മെയ്ത്തീകൾ ചുരാചന്ദ്പുരിലേക്കോ ഇംഫാലിലേക്കോ എത്താറില്ല. ഇംഫാലിലെ ആശുപത്രികളിൽ എത്തി ചുരാചന്ദ്പുരിലെ കുക്കികൾക്ക് ചികിത്സയ്ക്കെത്താനാകുന്നില്ല. അർബുദ രോഗികളുടെ അടക്കം ചികിത്സ മുടങ്ങി. വൻതോതിൽ പണം മുടക്കി ഹെലികോപ്റ്ററിൽ അയൽസംസ്ഥാനങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണ്. എത്രപേർക്ക് ഇതിനു കഴിയുമെന്ന് ചുരാചന്ദ്പുരിലെ ഗ്രാമീണർ ചോദിക്കുന്നു.