പാലക്കാട്
അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന കടൽക്കുതിരകളുമായി ചെന്നൈ അംബേദ്കർ സ്ട്രീറ്റ് ഷേണാർ നഗറിൽ സത്യ എഴിലരശനെ (42) വനം വകുപ്പ് അറസ്റ്റ് ചെയ്തു. പാലക്കാട് കെഎസ്ആർടിസി ഡിപ്പോ പരിസരത്തുനിന്ന് ശനി രാവിലെ 8.30നാണ് അറസ്റ്റ്. ബോക്സിലിട്ട് കവറിലാക്കിയ നിലയിൽ ഉണക്കി സൂക്ഷിച്ച 96 കടൽക്കുതിരകളുണ്ടായിരുന്നു. വംശനാശഭീഷണി നേരിടുന്ന ഇവയുടെ ശേഖരണത്തിനും വിൽപനയ്ക്കും 2001 ജൂലൈ മുതൽ രാജ്യത്ത് നിരോധനമുണ്ട്.
രഹസ്യവിവരത്തെത്തുടർന്ന് വനം വിജിലൻസ് ഡിഎഫ്ഒ കെ ജയപ്രകാശ്, വിജിലൻസ് ഓഫീസർ ജി അഭിലാഷ്, ഒലവക്കോട് റേഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷണം തുടങ്ങി.
കടൽക്കുതിരയെ അറിയാം
വംശനാശഭീഷണി നേരിടുന്ന മത്സ്യവർഗത്തിൽപ്പെട്ട കടൽജീവിയാണിവ. 35 സെന്റിമീറ്റർവരെ വലുപ്പംവയ്ക്കും. വളഞ്ഞ കഴുത്തും നീളമുള്ള മൂക്കും തലയും തുമ്പിക്കൈയും വാലുമുള്ള രൂപമായതിനാലാണ് കടൽക്കുതിര എന്ന പേര് വീണത്. ആഴം കുറഞ്ഞ കടൽഭാഗത്താണ് കാണുന്നത്. ആൺ കടൽക്കുതിരയ്ക്ക് വാലിന്റെ മുൻവശത്ത് കുഞ്ഞുങ്ങളെ സൂക്ഷിക്കാൻ സഞ്ചിയുണ്ട്. ഇണചേരുമ്പോൾ പെൺ കടൽക്കുതിര 1500 മുട്ടവരെ ആണിന്റെ സഞ്ചിയിൽ നിക്ഷേപിക്കും. ഒമ്പതുമുതൽ 45 ദിവസംവരെയാകുമ്പോൾ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും.
തട്ടുന്നത് കോടികൾ; തലവയ്ക്കുന്നത് മലയാളികളും
കടൽക്കുതിര, നക്ഷത്ര ആമ, വെള്ളിമൂങ്ങ, ഇരുതലമൂരി എന്നിവയെ പിടികൂടി അന്ധവിശ്വാസ കഥകൾ പറഞ്ഞ് ഫലിപ്പിച്ച് ലക്ഷങ്ങൾ തട്ടുന്ന വൻ റാക്കറ്റുകൾ സജീവമാണ്. രാജ്യത്തിനകത്തും പുറത്തുമായി ഇതിന്റെ കണ്ണികളുണ്ട്. ഇത്തരം തട്ടിപ്പുകാരുടെ വലയിൽ അകപ്പെടുന്നവരിൽ അധികവും മലയാളികളാണ്. അഞ്ചുവർഷത്തിനിടെ ആയിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലക്ഷങ്ങൾ വിലമതിക്കുന്ന ഇവയെ മരുന്നുനിർമാണത്തിനും ലഹരിക്കും കരകൗശലവസ്തുക്കളുടെ നിർമാണത്തിനും മറ്റുമായാണ് കടത്തുന്നത്. ജപ്പാനിൽ വന്ധ്യത, ശ്വാസം മുട്ടൽ എന്നിവ മാറുമെന്ന് വിശ്വസിച്ച് ഇവ ഭക്ഷണമാക്കാറുമുണ്ട്.