ന്യൂഡൽഹി
മണിപ്പുരിൽ രണ്ട് കുക്കി സ്ത്രീകളെ നഗ്നരായി നടത്തിയശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ് സിബിഐ ഡിഐജി ലവ്ലി കട്യാർ അന്വേഷിക്കും. അസമിൽ ‘ലേഡി സിങ്കം’ എന്നറിയപ്പെട്ടിരുന്ന സബ് ഇൻസ്പെക്ടർ ജുൺമണി റാഭ കൊല്ലപ്പെട്ട കേസ് അന്വേഷിച്ചത് ലവ്ലി കട്യാറാണ്. മണിപ്പുരിലെ കലാപക്കേസുകൾ അന്വേഷിക്കുന്നതിന് 29 വനിതാ ഓഫീസർമാരടക്കം 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന് സിബിഐ കഴിഞ്ഞ ദിവസം രൂപം നൽകി. നഗ്നരാക്കി നടത്തിയതടക്കം 17 കേസാണ് സിബിഐ ഇതുവരെ ഏറ്റെടുത്തത്.
ലവ്ലി കട്യാറിനു പുറമെ ഡിഐജി നിർമലാ ദേവിയും രണ്ട് എഎസ്പിമാരും ആറ് ഡിവൈഎസ്പിമാരും വനിതകളായി സംഘത്തിലുണ്ട്. വടക്കുകിഴക്കൻ മേഖലയുടെ ചുമതലയുള്ള ജോ. ഡയറക്ടർ ഘനശ്യാം ഉപാധ്യായക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. ഇതാദ്യമായാണ് ഇത്രയധികം വനിതാ ഉദ്യോഗസ്ഥർ സിബിഐ അന്വേഷക സംഘത്തിന്റെ ഭാഗമാകുന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം ഏഴുപേർ ഇതുവരെയായി അറസ്റ്റിലായിട്ടുണ്ട്. മറ്റു കേസുകളിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.















