ന്യൂഡൽഹി
ഹരിയാനയിലെ പൽവൽ–- നൂഹ് ജില്ലകളുടെ അതിർത്തിയിൽ സംഘപരിവാർ സംഘടിപ്പിച്ച മഹാപഞ്ചായത്തിലെ വിദ്വേഷപ്രസംഗത്തില് ഒടുവില് കേസെടുത്ത് പൊലീസ്. വിദ്വേഷപ്രസംഗം നടത്തിയവരുടെ പേരടക്കം മാധ്യമങ്ങളിൽ വന്നിട്ടും “കണ്ടാലറിയാവുന്ന ഒരു സംഘം ആളുകളുടെ’ പേരിലാണ് കേസ്. വീഡിയോ ദൃശ്യം പരിശോധിച്ച് ആളുകളെ കണ്ടെത്തുമെന്നാണ് പൊലീസ് നിലപാട്.
വിഎച്ച്പി–- ബജ്റംഗദൾ പ്രവർത്തകർ ന്യൂനപക്ഷങ്ങൾക്കെതിരായി കടുത്ത പരാമർശങ്ങൾ നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും മണ്ഡ്കോല പൊലീസ് ഔട്ട്പോസ്റ്റ് ഇൻചാർജ് സച്ചിൻ സിങ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഞായറാഴ്ചയാണ് പൗണ്ഡ്രിയിൽ സംഘപരിവാർ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.
ഹരിയാനയിൽ കലാപത്തിന് വഴിയൊരുക്കിയ ജലാഭിഷേക് യാത്ര ആഗസ്ത് 28ന് പുനരാരംഭിക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തു. പ്രതിപക്ഷ പാർടികളും മറ്റും സമ്മർദം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് നാലുദിവസം വൈകി കേസെടുക്കാൻ പൊലീസ് നിർബന്ധിതരായത്.















