ന്യൂഡൽഹി
ഹരിയാനയിൽ കലാപത്തിന് ഇരയായ ന്യൂനപക്ഷ വിഭാഗക്കാരുമായി യുഎസ് കോൺഗ്രസ് അംഗം റോ ഖന്ന കൂടിക്കാഴ്ച നടത്തി. മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി, ജെഎൻയു വിദ്യാർഥി മുൻ നേതാവ് ഉമർ ഖാലിദിന്റെ പിതാവ് എസ് ക്യു ആർ ഇല്യാസ് എന്നിവരും സംഘത്തിൽ ഉൾപ്പെട്ടു. മണിപ്പുരിൽ നിന്നുള്ള കുക്കി വിഭാഗക്കാരുമായും റോ ഖന്ന കൂടിക്കാഴ്ച നടത്തി. യുഎസിൽനിന്ന് ദ്വികക്ഷി പ്രതിനിധി സംഘവുമായാണ് ഖന്ന എത്തിയത്. പ്രധാനമന്ത്രിയുമായും വിദേശമന്ത്രി എസ് ജയ്ശങ്കറുമായും സംഘം നേരത്തേ ചർച്ച നടത്തി.
അന്തസ്സോടെയുള്ള ജീവിതമാണ് അവർ ആഗ്രഹിക്കുന്നതെന്ന് നൂഹിൽനിന്നുള്ള സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഖന്ന പറഞ്ഞു. തലമുറകളായി ഇന്ത്യയിൽ ജീവിക്കുന്നവരാണ്. അവർ തുറന്നുസംസാരിച്ചു. അവർ അനുഭവിക്കുന്ന ഭീതിയും അരക്ഷിതാവസ്ഥയും വിവരിച്ചു. താഴെതട്ടിൽ നിന്നുള്ളവരുടെ ശരിയായ അനുഭവങ്ങൾ നേരിൽ മനസ്സിലാക്കേണ്ടതുണ്ട്–- ഖന്ന മാധ്യമങ്ങളോട് പറഞ്ഞു.















