ന്യൂഡൽഹി
രാജ്യത്തിന്റെ 77–-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി നടത്തിയത് “തെരഞ്ഞെടുപ്പുപ്രചാരണ പ്രസംഗം.’ അടുത്ത ആഗസ്ത് 15നും ചെങ്കോട്ടയിൽ പതാക ഉയര്ത്തുമെന്നും ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ 1000 വർഷത്തേക്ക് ഫലം നൽകുമെന്നും മോദി പറഞ്ഞു. കേന്ദ്രസര്ക്കാരിന്റെ കാലാവധി അടുത്ത മെയില് അവസാനിക്കെയാണ് പരാമര്ശം. അഴിമതി, കുടുംബവാഴ്ച, പ്രീണനം എന്നിവയാണ് ലക്ഷ്യപ്രാപ്തിക്ക് മൂന്ന് തടസ്സമെന്നും 90 മിനിറ്റ് നീണ്ട പ്രസംഗത്തിൽ മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 100 വർഷം 2047ൽ ആഘോഷിക്കുമ്പോൾ ഇന്ത്യ വികസിത രാജ്യമായി മാറുന്നതിൽ അടുത്ത അഞ്ചുവർഷം നിർണായകമാണെന്നും മോദി പറഞ്ഞു.
കലാപം നൂറുദിനം പിന്നിട്ട മണിപ്പൂരില് സമാധാനം മടങ്ങിയെത്തിയെന്നാണ് മോദിയുടെ അവകാശപ്പെട്ടു. “മണിപ്പുരിൽ അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെട്ടു. സ്ത്രീകൾക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ ആശങ്കാജനകമാണ്.ഒട്ടേറെ ജീവൻ നഷ്ടപ്പെട്ടു. പക്ഷേ, സമാധാനം പതുക്കെ മടങ്ങിവരികയാണ്.’
രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളികൾ ഏറ്റെടുക്കുന്നതായി അവകാശപ്പെട്ട് പദ്യശകലം ഉദ്ധരിച്ചാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.