ന്യൂഡൽഹി
ഹരിയാനയിലെ ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള നൂഹ് ജില്ലയിൽ വീണ്ടും ബുൾഡോസർ രാജ് നടപ്പാക്കാൻ സംസ്ഥാന ബിജെപി സർക്കാർ നീക്കം. നൂഹിൽ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ കണ്ടെത്തുന്നതിനായി സർവേ നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകൾക്കും സർക്കാർ നിർദേശം നൽകി. കൈയേറ്റം കണ്ടെത്തിയാൽ നോട്ടീസ് നൽകി പൊതുപ്രഖ്യാപനവും നടത്തണം. തുടർന്ന് ബുൾഡോസർ ഉപയോഗിച്ച് അനധികൃത നിർമാണങ്ങൾ ഇടിച്ചുനിരത്തണം. ഇടിച്ചുനിരത്തൽ പുരോഗതി എല്ലാ മാസവും വിലയിരുത്തി തദ്ദേശസ്ഥാപനങ്ങളും വകുപ്പുകളും സർക്കാരിന് റിപ്പോർട്ട് കൈമാറണം. നൂഹ് ജില്ലയിൽ മാത്രമാണ് കൈയേറ്റം കണ്ടെത്തുന്നതിനുള്ള സർവേക്ക് നിർദേശം നൽകിയിരിക്കുന്നത്.
നൂഹിലെ കലാപത്തിനു പിന്നാലെ ആഗസ്ത് മൂന്നുമുതൽ ആറുവരെയായി ജില്ലയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് വ്യാപകമായ ഇടിച്ചുനിരത്തൽ സർക്കാർ നടത്തിയിരുന്നു. ഏഴിന് പഞ്ചാബ്–- ഹരിയാന ഹൈക്കോടതി ഇടപെട്ട് ഇടിച്ചുനിരത്തൽ തടഞ്ഞു. നോട്ടീസുപോലും അയക്കാതെയുള്ള ഏകപക്ഷീയ ഇടിച്ചുനിരത്തലിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വംശീയശുദ്ധീകരണമാണോ ലക്ഷ്യമിടുന്നതെന്നുപോലും ബിജെപി സർക്കാരിനോട് കോടതി ആരാഞ്ഞു. 18ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സർവേ നടത്തി ഇടിച്ചുനിരത്തൽ പുനരാരംഭിക്കാനുള്ള സർക്കാർ നീക്കം. അതേസമയം, നൂഹ് കലാപവുമായി കലാപവുമായി ബന്ധപ്പെട്ട ആക്രമണക്കേസില് ഒരു ബജ്റംഗ്ദള് നേതാവ് കൂടി ഇന്ന് പിടിയിലായി.
“കലാപയാത്ര’യ്ക്ക് അനുമതി നൽകും
നൂഹിൽ കലാപത്തിന് വഴിയൊരുക്കിയ സംഘപരിവാറിന്റെ ബ്രജ്മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് വീണ്ടും അനുമതി നൽകാനൊരുങ്ങി സംസ്ഥാന ബിജെപി സർക്കാർ. ആറുപേരുടെ മരണത്തിനിടയാക്കിയ യാത്രയ്ക്ക് വീണ്ടും അനുമതി നൽകരുതെന്ന് പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിഎച്ച്പിയും ബജ്റംഗദളും സർക്കാർ അനുമതി ലഭിക്കുമെന്ന ഉറപ്പിൽ യാത്രയ്ക്കുള്ള ഒരുക്കങ്ങളാരംഭിച്ചു. 28ന് നൂഹിൽ യാത്ര പുനരാരംഭിക്കുമെന്ന് കഴിഞ്ഞദിവസം സംഘപരിവാർ സംഘടനകൾ വിളിച്ചുചേർത്ത മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു.
യാത്രയ്ക്ക് അനുമതി നൽകുമെന്ന് സൂചന നൽകി നൂഹ് എസ്പി നരേന്ദർ ബിജാർനിയ മാധ്യമങ്ങളോടു പ്രതികരിച്ചു. യാത്രയിൽ ആയുധങ്ങളും സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിലൂടെ നീങ്ങാനും അനുവദിക്കില്ല. പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രാവാക്യങ്ങളോ അനുവദിക്കില്ല. കുഴപ്പക്കാരായ ആളുകൾ യാത്രയിൽ പങ്കെടുക്കില്ലെന്ന് ഉറപ്പുവരുത്തും. യാത്രയ്ക്ക് മുമ്പായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആരെങ്കിലും പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയാൽ കർക്കശമായി നേരിടും–- എസ്പി പറഞ്ഞു.
യാത്രയ്ക്ക് അനുമതി നൽകരുതെന്ന് സിപിഐ എം ഹരിയാന സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംഘപരിവാർ സംഘടനകൾ ആസൂത്രണം ചെയ്ത യാത്രയാണ് ആറുപേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തിന് വഴിയൊരുക്കിയത്. യാത്ര പുനരാരംഭിക്കുമെന്ന പ്രഖ്യാപനം പ്രകോപനപരമാണ്. വീണ്ടും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് നീക്കം. കൂടുതൽ പ്രശ്നങ്ങൾക്ക് ഇത് വഴിയൊരുക്കും. യാത്ര പുനരാരംഭിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണം–- സിപിഐ എം ആവശ്യപ്പെട്ടു.
നൂഹിൽ സ്വാതന്ത്ര്യദിനാഘോഷം
സംഘപരിവാർ ആസൂത്രണം ചെയ്ത കലാപത്തിന്റെ ആശങ്കയും ഭീതിയും വിട്ടൊഴിയാതെ തുടരുന്ന നൂഹിൽ കനത്ത സുരക്ഷാസന്നാഹങ്ങളോടെ സ്വാതന്ത്ര്യദിന ചടങ്ങുകൾ ആചരിച്ചു. പൊലീസ് ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തി. സംസ്ഥാന ഗതാഗത മന്ത്രി മൂൽചന്ദ് ശർമയാണ് ജില്ലാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്തിയത്. സ്വാതന്ത്ര്യദിനം മുൻനിർത്തി കർഫ്യൂവിൽ നേരത്തേ തന്നെ ഇളവുകൾ വരുത്തിയിരുന്നു. മൊബൈൽ ഇന്റർനെറ്റ് സർവീസും കഴിഞ്ഞദിവസംമുതൽ പുനരാരംഭിച്ചു.