ന്യൂഡൽഹി
മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിർത്താൻ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 77–-ാം സ്വതന്ത്ര്യദിനത്തിൽ എ കെ ജി ഭവനിൽ ദേശീയപതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ ആഗ്രഹിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. വിവിധ മേഖലയിൽ അതിനായി അവർ ശ്രമിക്കുമ്പോൾ മതനിരപേക്ഷ, ജനാധിപത്യ വാദികളുടെ പ്രതിരോധനിര ജാഗ്രതയോടെ നിലകൊള്ളണം–- യെച്ചൂരി പറഞ്ഞു.
സ്വാതന്ത്ര്യസമരകാലത്തു തന്നെ ഭാവി ഇന്ത്യയെ വർഗീയവാദത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്താനുള്ള ആശയധാര സജീവമായിരുന്നെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത് സുദീർഘ ആശയപോരാട്ടത്തിനുശേഷമാണ്. എന്നാൽ, വർഗീയ അജൻഡ തീവ്രസ്വഭാവത്തോടെ നടപ്പാക്കുകയാണ് മോദിസർക്കാർ. വിദ്വേഷപ്രചാരണത്തെ തുടർന്ന് കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നു. മണിപ്പുരും ഹരിയാനയും ഉദാഹരണം.
രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ മാനിക്കാതെ പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യദിനത്തിൽ നടത്തിയത് രാഷ്ട്രീയ പ്രസംഗമാണ്. അഞ്ച് വൻകിട അഴിമതികളെ സ്പർശിക്കുന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച നടക്കാനുള്ള സാഹചര്യം അട്ടിമറിച്ചു. പാർലമെന്റ് നടപടികൾ സ്തംഭിച്ചിരിക്കെ ബില്ലുകൾ തിരക്കിട്ട് പാസാക്കിയെടുക്കുകയും ചെയ്തു–- യെച്ചൂരി പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബി വി രാഘവുലു, തപൻ സെൻ, കേന്ദ്ര സെക്രട്ടറിയറ്റംഗം മുരളീധരൻ എന്നിവർ പങ്കെടുത്തു.