തിരുവനന്തപുരം
പ്രതീക്ഷിച്ച മഴ ലഭിക്കാതെ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നതോടെ അധിക വൈദ്യുതി ഉൽപ്പാദനം അസാധ്യമായതും പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ദിവസവും 15 കോടി രൂപവരെ ചെലവഴിക്കേണ്ട അസാധാരണ സാഹചര്യവും വിലയിരുത്താൻ ബുധനാഴ്ച അവലോകനയോഗം ചേരും. സെക്രട്ടറിയറ്റിൽ വൈകിട്ട് നാലിന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടിയാണ് യോഗം വിളിച്ചത്.
കെഎസ്ഇബി നിയന്ത്രണത്തിലുള്ള അണക്കെട്ടുകളിൽ സംഭരണശേഷിയുടെ ശരാശരി 37 ശതമാനം വെള്ളമാണുള്ളത്. ഇടുക്കിയിൽ 32 ശതമാനമായി താഴ്ന്നു. സാധാരണ ആഗസ്തിൽ അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനയിരുന്നു. മഴക്കാലത്ത് അധിക വൈദ്യുതി ഉൽപ്പാദിപ്പിച്ച് ഇതര സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നിടത്താണ് ഉൽപ്പാദനത്തിൽ വലിയ കുറവുണ്ടാകുന്ന അസാധാരണ സാഹചര്യം. ദിവസവും പവർ എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഇങ്ങനെ വാങ്ങുമ്പോൾ അതതു ഘട്ടത്തിൽത്തന്നെ പണം കൈമാറണം. ദിവസം 10 മുതൽ 15 കോടി വരെയാണ് കെഎസ്ഇബി നൽകുന്നത്. ഇത് വലിയ ബാധ്യതയിലേക്ക് ബോർഡിനെ കൊണ്ടെത്തിക്കും.
നിരക്ക് വർധിപ്പിക്കില്ല
വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് പവർകട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കുന്നതെങ്കിലും നിരക്ക് വർധന ബോർഡിന്റെയോ സർക്കാരിന്റെയോ അജൻഡയിലില്ല. ബുധനാഴ്ചത്തെ ഉന്നതതല യോഗത്തിലും ഇത് ചർച്ച ചെയ്യില്ല. നിരക്ക് വർധിപ്പിക്കുമെന്ന മാധ്യമ വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു. നിരക്ക് വർധിപ്പിക്കാനുള്ള അധികാരം സർക്കാരിനോ ബോർഡിനോ ഇല്ല. അത് വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അധികാരമാണ്. കഴിഞ്ഞ ഏപ്രിലിൽ നടപ്പാക്കേണ്ടിയിരുന്ന നിരക്കുവർധന നിർദേശത്തിനെതിരെ ഹൈക്കോടതിയിൽ കേസും നിലവിലുണ്ട്. ഈ കേസ് വിധി വന്നാൽത്തന്നെ റെഗുലേറ്ററി കമീഷനാണ് അത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത്. വൈദ്യുതി സർചാർജുതന്നെ പരമാവധി 20 പൈസ ഈടാക്കാനേ കമീഷൻ നിർദേശിച്ചിട്ടുള്ളൂ. നിലവിൽ 19 പൈസയാണ് കെഎസ്ഇബി ഈടാക്കുന്നത്.
ആഗസ്തിൽ 90 ശതമാനം മഴക്കുറവ്
കാലവർഷം തകർത്തുപെയ്യേണ്ട ആഗസ്തിൽ ഇതുവരെ ലഭിച്ചത് 25.1 മില്ലീമീറ്റർ മഴമാത്രം. 90 ശതമാനമാണ് കുറവ്. ആഗസ്ത് ഒന്നുമുതൽ 15 വരെ സംസ്ഥാനത്ത് ശരാശരി 254.6 മില്ലീമീറ്റർ മഴയാണ് കിട്ടേണ്ടത്. പോയവർഷം 326 മില്ലീമീറ്ററും 2019ൽ 686.2 മില്ലീമീറ്ററും കിട്ടി. പ്രധാന കാലവർഷ സമയമായ ജൂൺ ഒന്നുമുതൽ ആഗസ്ത് 15 വരെ 44 ശതമാനം മഴയുടെ കുറവുണ്ട്.
ഇടുക്കിയിലാണ് ഏറ്റവും കുറവ്.- 60 ശതമാനം. വയനാട്ടിൽ 55 ശതമാനത്തിന്റെയും കോഴിക്കോട്ട് 53 ശതമാനത്തിന്റെയും കുറവാണ്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടർന്നും മഴ ലഭിച്ചില്ലെങ്കിൽ വലിയ വരൾച്ചയിലേക്ക് സംസ്ഥാനം നീങ്ങും.