അബുദാബി > യുഎഇ സെൻട്രൽ ബാങ്കിന്റെ പുതിയ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് രാജ്യത്തെ ദേശീയ ബാങ്കുകളിൽ ബിസിനസ്, വ്യാവസായിക മേഖലകൾക്കുള്ള വായ്പാ സൗകര്യങ്ങളിൽ ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ ഏകദേശം 28.4 ബില്യൺ ദിർഹം വർധനവാണ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.
അഞ്ച് മാസത്തിനുള്ളിൽ രണ്ട് മേഖലകളിലും ദേശീയ ബാങ്കുകളിൽ നിന്നുള്ള ക്രെഡിറ്റ് ബാലൻസ് 4 ശതമാനം വർധിച്ചു. 2022 ഡിസംബറിൽ 717.1 ബില്യൺ ദിർഹമായിരുന്നതിൽ നിന്ന് 2023 മെയ് മാസത്തിൽ 745.5 ബില്യൺ ദിർഹമായി ഉയർന്നതായും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
ദേശീയ ബാങ്കുകൾ പ്രസ്തുത മേഖലകൾക്കുള്ള അവരുടെ ക്രെഡിറ്റ് ബാലൻസ് 2023 മെയ് മാസത്തിൽ 8.2 ബില്യൺ ദിർഹം വർദ്ധിപ്പിച്ചു, 1.11 ശതമാനമാണ് പ്രതിമാസ വർദ്ധനവ്. ദേശീയ ബാങ്കുകൾ ഈ മേഖലകൾക്ക് മെയ് മാസത്തിലെ മൊത്തം 825.6 ബില്യൺ ദിർഹം വായ്പ നൽകിയപ്പോൾ വിദേശ ബാങ്കുകൾ 9.7 ശതമാനം (80.1 ബില്യൺ ദിർഹം) വിഹിതം മാത്രമാണ് വായ്പ നൽകിയത്.