തിരുവനന്തപുരം
തങ്ങളുന്നയിക്കുന്ന ദുരാരോപണങ്ങൾ ‘ലൈവാ’യി നിലനിർത്താനുള്ള കുതന്ത്രങ്ങൾക്ക് കൂട്ടുനിൽക്കാത്തതിനാൽ സിപിഐ എമ്മിനോട് ‘രോഷ’വുമായി മാധ്യമങ്ങൾ. സിഎംആർഎല്ലുമായി ബന്ധപ്പെട്ട ആരോപണം ഊതിവീർപ്പിച്ച ഘട്ടത്തിൽത്തന്നെ സിപിഐ എം വിശദമായ വാർത്താക്കുറിപ്പിറക്കി. എന്നിട്ടും ദിവസവും എല്ലാവരും പ്രതികരിക്കണം എന്ന നിലപാടാണ് മാധ്യമങ്ങൾക്ക്. വസ്തുതയില്ലെന്ന് നൂറുശതമാനവും ബോധ്യമുള്ള ഒരു വ്യാജവാർത്ത സമൂഹത്തിൽ ദിവസവും ചർച്ചയാക്കുക എന്ന ദുഷ്ടലാക്കോടെയാണ് പ്രതികരണം ആരാഞ്ഞുകൊണ്ടുള്ള നിരന്തര ശ്രമം. കുറെക്കാലമായി മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിച്ചുവരുന്നതും ഈ രീതിയാണ്.
എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുംനേരെ മാധ്യമങ്ങളുടെ സഹായത്തോടെ പ്രതിപക്ഷവും കേന്ദ്രത്തിന്റെകൂടി സഹായത്തോടെ തിരിച്ചും കെട്ടിപ്പൊക്കുന്ന ദുരാരോപണങ്ങളോട് ആ നിലയ്ക്കുതന്നെ പ്രതികരിച്ചാൽ മതിയെന്ന സിപിഐ എം സമീപനം നൂറുശതമാനം ശരിയെന്ന് തെളിയുകയാണ്. കോടിയേരി ബാലകൃഷ്ണനെ ഇപ്പോൾ പുകഴ്ത്തുന്ന മാധ്യമങ്ങൾ അദ്ദേഹം ജീവിച്ചിരിക്കെ കുടുംബത്തെയടക്കം നികൃഷ്ടമായ രീതിയിലാണ് വേട്ടയാടിയത്. പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഒരു മാധ്യമവും കുറ്റസമ്മതം നടത്താൻ തയ്യാറായില്ല.
ഒരാഴ്ചയോളം ഊതിവീർപ്പിച്ച ‘കൈതോലപ്പായ’യെക്കുറിച്ചും മിണ്ടാട്ടമില്ല. ഫെയ്സ്ബുക് കുറിപ്പിട്ട വ്യക്തിയും പരാതികൊടുത്ത എംപിയും പൊലീസ് വിളിപ്പിച്ചപ്പോൾ കൈമലർത്തി. എഐ കാമറയുടെ പേരുപറഞ്ഞ് നടത്തിയ കോലാഹലങ്ങൾ എന്തിനായിരുന്നെന്ന് പ്രതിപക്ഷ നേതാക്കളോ മാധ്യമങ്ങളോ ഇനിയും വ്യക്തമാക്കിയിട്ടില്ല. പദ്ധതി വിപുലീകരിക്കാൻ കോടതിയും മാതൃകാപദ്ധതിയെന്ന് മറ്റു സംസ്ഥാനങ്ങളും പറയുന്നു.
എന്നാൽ, വ്യാജവാർത്തകളുടെ പിന്നാലെ നടന്ന് ദുരാരോപണങ്ങൾ ഉന്നയിക്കുന്ന മാത്യു കുഴൽനാടൻ എംഎൽഎക്കെതിര ഉയർന്ന ഗുരുതര അഴിമതിയാരോപണങ്ങൾ ബഹുഭൂരിപക്ഷം മാധ്യമങ്ങളും മുക്കുകയാണ് ചെയ്തത്. വിലക്കയറ്റം മുൻനിർത്തി സംസ്ഥാന സർക്കാരിനെതിരെ യുദ്ധത്തിനിറങ്ങിയ മാധ്യമങ്ങൾ, രാജ്യത്താകെയുള്ള വിലക്കയറ്റത്തിന്റെയും കേരളം പിടിച്ചുനിർത്തിയതിന്റെയും കണക്ക് ഔദ്യോഗികമായി പുറത്തുവന്നിട്ടും ഒളിച്ചുവച്ചു.