ദുബായ് > യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പിൻറെ നാമനിർദേശ പത്രിക സമർപ്പണം ചൊവ്വാഴ്ച തുടങ്ങും. ഈ മാസം 18 വരെ പത്രിക സമർപ്പിക്കാം. രാവിലെ എട്ട് മുതൽ ആഗസ്റ്റ് 18 ഉച്ചയ്ക്ക് 12 വരെയാണ് നാമ നിർദേശ പത്രിക സമർപ്പിക്കാൻ അവസരം. വോട്ടർപട്ടികയിൽ പേരുള്ള യുഎഇ സ്വദേശികൾക്ക് മാത്രമേ നാമനിർദേശപത്രിക സമർപ്പിക്കാനാവൂ. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വെബ്സൈറ്റ് വഴിയും ഓഫ് ലൈൻ ആയും അപേക്ഷ സമർപ്പിക്കാം.
ദുബായ് വേൾഡ് ട്രേഡ് സെന്റർ ഉൾപ്പടെ നാമനിർദേശ പത്രിക സ്വീകരിക്കാൻ പ്രത്യേക കേന്ദ്രങ്ങളുണ്ടാകും. സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക ആഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. ഒക്ടോബറിലാണ് യുഎഇയിൽ ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 40 അംഗ ഫെഡറൽ കൗൺസിലിലെ 20 പേരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ബാക്കി 20 അംഗങ്ങളെ വിവിധ എമിറേറ്റുകളിലെ ഭരണകർത്താക്കൾ നാമനിർദേശം ചെയ്യുന്നതാണ് പതിവ്.