തിരുവനന്തപുരം > അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനത്തിൻറെ പ്രാധാന്യത്തെ കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വളർന്നുവരുന്ന തലമുറയാണ് മാലിന്യ നിർമ്മാർജ്ജനത്തെപ്പറ്റി കൂടുതൽ ബോധവാന്മാരാകേണ്ടത് എന്നതിനാലാണ് ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിലെ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിക്കുന്ന പരിപാടി എസ്എംവി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനത്തിൽ സ്ത്രീകളുടെ പങ്ക് പ്രചോദനകരമാണെന്ന് മന്ത്രി പറഞ്ഞു. ഹരിതകർമ്മ സേന ഒരു മാലിന്യ സംസ്ക്കരണ സംരംഭം മാത്രമല്ല, സമൂഹത്തിൻറെ നവീകരണത്തിൻറെയും ശക്തിയുടെയും തെളിവു കൂടിയാണ്. ഇത് സ്ത്രീശാക്തീകരണത്തോടൊപ്പം അവർക്ക് വരുമാന സ്രോതസ്സും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു. വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ക്രമമായും ചിട്ടയായും സ്വീകരിക്കുന്ന ഹരിതകർമ്മ സേനയുടെ പ്രവർത്തനം മാലിന്യ നിർമ്മാർജ്ജനത്തിന്റെ അടിത്തറയാണ്. ഗാർഹിക തലത്തിൽ ജൈവമാലിന്യ സംസ്കരണത്തിന് പരിഹാരം കാണാൻ ഹരിതകർമ്മ സേനയുടെ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഗ്രീൻ ടെക്നീഷ്യൻമാർക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിലെ ഇരുന്നൂറോളം ഹരിതകർമ്മ സേനാംഗങ്ങളെയാണ് ആദരിച്ചത്. കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു അധ്യക്ഷത വഹിച്ചു. കൗൺസിലർ സി ഹരികുമാർ, എസ്എംവി സ്കൂൾ വൈസ് പ്രിൻസിപ്പൽ എൻ കെ റാണി വിദ്യാധര, ചാല ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ്സിലെ അധ്യാപിക ഡോ. സിന്ധു എസ്, എസ്എംവി സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ് ആർ ബിന്ദു, ശുചിത്വ മിഷൻ ജില്ല കോർഡിനേറ്റർ ഫൈസി എ, ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിലെ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിലെ ഹരിതകർമ്മ സേനാംഗങ്ങളെ പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ആദരിക്കുന്നു. കൗൺസിലർ ഗായത്രി ബാബു സമീപം.