ന്യൂഡൽഹി> ചില തെറ്റിദ്ധാരണകളും നിഷിപ്ത താൽപ്പര്യക്കാരുടെ ഇടപെടലുകളും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വിദേശ ഗൂഢാലോചനയുമാണ് മണിപ്പുർ കലാപത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്. തെറ്റുകൾ പറ്റുക മനുഷ്യസഹജമാണെന്നും മറക്കാനും പൊറുക്കാനും പഠിക്കണമെന്നും ഇംഫാൽ പരേഡ് ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം ബിരേൻ സിങ് പറഞ്ഞു. എല്ലാവരും അക്രമം വെടിഞ്ഞ് വേഗത്തിലുള്ള പുരോഗതിയിലേക്ക് സംസ്ഥാനത്തെ തിരിച്ചെത്തിക്കണമെന്ന് ബിരേൻ സിങ് ആഹ്വാനം ചെയ്തു.
‘സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ സർക്കാർ ശ്രമിച്ചുവരികയാണ്. വീടുകൾ നഷ്ടമായവരെയും പലായനം ചെയ്യേണ്ടി വന്നവരെയും ഉടൻ പുനരധിവസിപ്പിക്കും. താമസിച്ചിരുന്ന സ്ഥലങ്ങളിലേക്ക് മടങ്ങാൻ പറ്റാത്തവരെ താൽകാലിക വീടുകളിലേക്ക് (പ്രീഫാബ്രിക്കേറ്റഡ് വീടുകൾ) ഉടൻ മാറ്റും. ഇതിനായുള്ള വീടുകൾ തയ്യാറായി വരികയാണ്.
മറക്കുകയും പൊറുക്കുകയും ചെയ്ത് സൗഹാർദ്ദത്തോടെ കഴിയാം. കഴിഞ്ഞ മൂന്നുമാസമായി നഷ്ടപ്പെട്ട വികസനപാതയിലുള്ള യാത്ര പുനരാരംഭിക്കാം. അക്രമം വികസനം കൊണ്ടുവരില്ല. സമുദായങ്ങൾ തമ്മിൽ എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കാം. സർക്കാരിന്റെ വാതിൽ എപ്പോഴും ചർച്ചയ്ക്കായി തുറന്നിരിക്കും’– മുഖ്യമന്ത്രി പറഞ്ഞു.
മണിപ്പുരിൽ വിഘടനവാദസംഘടനകൾ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരുന്നതിനാൽ സ്വാതന്ത്ര്യദിനത്തിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇംഫാൽ നഗരത്തിലടക്കം നിരത്തുകളിലും തിരക്കുണ്ടായില്ല. താഴ്വരയിലെ ഉൾപ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഉണ്ടായില്ല. എന്നാൽ കുകികൾ അധിവസിക്കുന്ന ചുരചന്ദ്പ്പുർ ജില്ലയിലും മറ്റും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. 25 വർഷത്തിന് ശേഷം മണിപ്പുരിൽ ഹിന്ദി സിനിമയും പ്രദർശിക്കപ്പെട്ടു.
ചുരചന്ദ്പ്പുരിലെ റെങ്കായിലാണ് സിനിമ പ്രദർശിപ്പിച്ചത്. 1998 ൽ ‘കുച് കുച് ഹോതാ ഹെ’ ആണ് മണിപ്പുരിൽ അവസാനമായി പ്രദർശിപ്പിക്കപ്പെട്ട ഹിന്ദി ചിത്രം. വിഘടനവാദി സംഘടനയായ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് വിലക്ക് പ്രഖ്യാപിച്ചതോടെയാണ് ഹിന്ദി സിനിമകളുടെ പ്രദർശനം നിലച്ചത്.