തിരുവനന്തപുരം > തലസ്ഥാനത്ത് സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റിന്റെ മാതൃകയിൽ മറ്റ് ജില്ലകളിലും ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് അക്കാദമിക് കമ്മിറ്റി ചെയർമാൻ ഡോ. ടി എം തോമസ് ഐസക്. ടാഗോർ ഹാളിൽ ഫ്രീഡം ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത പതിപ്പാകും ജില്ലകളിൽ നടത്തുക. സ്കൂൾ, കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണിത്. ഐഡിയാത്തണും അതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഐഡിയാത്തണിൽ 400 ടീമുകൾ പങ്കെടുത്തു. ആ ടീമുകളുടെ നോഡൽ ഓഫീസർമാരുടെ യോഗം എല്ലാ ജില്ലകളിലും വിളിക്കും.
കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയറിൽ കേരളത്തിലെ സ്കൂളുകളിൽ ഡിജിറ്റൽ സംവിധാനമൊരുക്കിയതിലൂടെ കേരളം മൂവായിരംകോടിയുടെ നേട്ടം ഉണ്ടാക്കിയെന്ന് നിതി ആയോഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസമേഖലകളിലും തദ്ദേശസ്ഥാപനങ്ങളിലും സംസ്ഥാനത്തുണ്ടാകുന്ന പുതിയ സംരംഭങ്ങളുടെ പ്രവർത്തനത്തിനും സ്വതന്ത്രസോഫ്റ്റ്വെയറിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ഫ്രീഡം ഫെസ്റ്റ് സർക്കാരിനോട് ആഹ്വാനം ചെയ്യുന്നതായും തോമസ് ഐസക് പറഞ്ഞു.