ന്യൂഡൽഹി
അദാനി ഗ്രൂപ്പിന് എതിരായ ഹിൻഡെൻബെർഗ് വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസംകൂടി സാവകാശം തേടി. സുപ്രീംകോടതി നൽകിയ കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു.
അന്വേഷണം അവസാനഘട്ടത്തിലാണെന്നും ചില വിദേശ ഏജൻസികളിൽനിന്നും തേടിയിട്ടുള്ള വിവരങ്ങൾകൂടി ലഭിക്കേണ്ടതുണ്ടെന്നും സെബി അപേക്ഷയിൽ അവകാശപ്പെട്ടു. 29ന് കേസ് പരിഗണിക്കുമ്പോൾ അപേക്ഷയിൽ കോടതി തീരുമാനമെടുക്കും. അദാനി ഗ്രൂപ്പിന്റെ സ്റ്റോക്ക് തിരിമറി, അനധികൃത ഇടപാടുകൾ, സാമ്പത്തിക ക്രമക്കേടുകൾ തുടങ്ങിയവയാണ് ഹിൻഡെൻബെർഗ് പുറത്തുകൊണ്ടുവന്നത്.