ന്യൂഡൽഹി
വാർത്താചാനലുകൾ ഉൾപ്പെടെയുള്ള ടിവി ചാനലുകളെ നിയന്ത്രിക്കാൻ വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കാന് സുപ്രീംകോടതി. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങൾകൊണ്ട് കാര്യമില്ലെന്നും മൊത്തം ചട്ടക്കൂട് ശക്തിപ്പെടുത്താൻ ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ചട്ടങ്ങൾ കൂടുതൽ കർശനമാക്കാതെ ചാനലുകൾ അതെല്ലാം കൃത്യമായി പാലിക്കുമെന്ന് കരുതുന്നില്ലെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ്മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ചാനലുകൾക്ക് സ്വയം നിയന്ത്രണസംവിധാനമുണ്ടെന്ന ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷന്റെ (എൻബിഡിഎ) വാദം കോടതി തള്ളി.
ചാനലുകളുടെ നിയന്ത്രണം സംബന്ധിച്ച് സുപ്രീംകോടതി മുൻജഡ്ജിമാരായ എ കെ സിക്രി, ആർ വി രവീന്ദ്രൻ എന്നിവരുടെ അഭിപ്രായങ്ങൾ തേടാൻ എൻബിഡിഎയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ്ദത്തറിനോട് സുപ്രീംകോടതി നിർദേശിച്ചു. ചാനലുകളുടെ സ്വയംനിയന്ത്രണസംവിധാനം ഒട്ടും ഫലപ്രദമല്ലെന്ന് ബോംബെ ഹൈക്കോടതിയും നേരത്തെ വിമർശിച്ചിരുന്നു. ബോളിവുഡ്താരം സുശാന്ത്സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ‘മാധ്യമവിചാരണ’ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശം. ചട്ടങ്ങൾ ലംഘിക്കുന്ന ചാനലുകൾക്ക് ഒരു ലക്ഷം മാത്രം പിഴ ചുമത്തിയ എൻബിഡിഎ നടപടിയെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇതിന് എതിരെ എൻബിഡിഎ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. എന്നാൽ, തുച്ഛം പിഴത്തുക മാത്രം ചുമത്തുന്ന നടപടിയിൽ സുപ്രീംകോടതിയും അതൃപ്തി രേഖപ്പെടുത്തി. 2008ൽ തീരുമാനിച്ച പിഴത്തുക ഇപ്പോഴും തുടരുന്നതുകൊണ്ട് കാര്യമുണ്ടോയെന്ന് സുപ്രീംകോടതി അന്വേഷിച്ചു. മൂന്നാഴ്ച്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികൾക്ക് സുപ്രീംകോടതി നിർദേശം നൽകി.