കുവൈറ്റി സിറ്റി> പ്രത്യേക അപേക്ഷ സമർപ്പിച്ചാൽ ആറു മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിയാൻ ആഗ്രഹിക്കുന്ന ഗാർഹിക തൊഴിലാളികളുടെ വിസാ കാലാവധി റദ്ദാക്കില്ലെന്നു കുവൈറ്റ് അധികൃതർ വ്യക്തമാക്കി. ഇതിന്നായി സാഹൽ ആപ്പിൽ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. എന്നാൽ ഈ സൗകര്യം സ്വദേശി സ്പോൺസർമാരുടെ കീഴിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക് മാത്രമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിനായി സ്പോൺസർമാരാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
എന്നാൽ തൊഴിലാളി തിരിച്ചുവരുന്നത് വരെ താമസരേഖ കാലാവധി സാധുവായിരിക്കണമെന്നും അധികൃതർ പറഞ്ഞു. 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിയുന്ന തൊഴിലാളിയുടെ താമസരേഖ സ്വമേധയാ റദ്ദാക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം അറിയിച്ചു.