സൂർ/ഒമാൻ> പതിനേഷ് വർഷത്തിന് ശേഷം സന്തോഷ് കുമാർ നാട്ടിലേക്ക് മടങ്ങുകയാണ്. ഇബ്രി അറാക്കിയിൽ കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുകയായിരുന്ന കോട്ടയം പറമ്പുഴ സ്വദേശി സന്തോഷ് കുമാർ, 2007ൽ ഒമാനിലെ സൂറിൽ ജോലിക്ക് വരുകയും തൊഴിൽ പ്രശ്നത്തെ തുടർന്ന് ഇബ്രിയിലേക്ക് വന്ന് സ്പോൺസറുടെ കീഴിൽ അല്ലാതെ ജോലി ചെയ്തു വരികയായിരുന്നു.
മൂന്നുമാസത്തിനു മുമ്പ് തൊഴിൽ സ്ഥലത്ത് ബിൽഡിങ്ങിന് മുകളിൽ നിന്നുംവീണ് നട്ടെല്ലിന് പരുക്ക് പറ്റിയ ഇദ്ദേഹം റൂമിൽ ചികിത്സയിലായിരുന്നു. ഈ വിഷയം കൈരളി ഒമാൻ പ്രവർത്തകരുടെ ശ്രദ്ധയിൽ വന്നതിനെ തുടർന്ന് കുമാറിന്റെ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇദ്ദേഹത്തിന് പാസ്സ്പോർട്ടോ മറ്റ് രേഖകളോ ഒന്നും ഇല്ലായിരുന്നു. എംബസിയുമായി ബന്ധപ്പെട്ട് e-പാസ്സ് ശരിയാക്കി നാട്ടിലേക്കുള്ള ടിക്കറ്റും, യാത്രച്ചിലവും കൈരളിയുടെ നേതൃത്വത്തിൽ ശരിയാക്കി.
ആഗസ്റ്റ് 15 ന് സന്തോഷ് നാട്ടിലേക്ക് തിരിക്കും. നാട്ടിൽ അമ്മയും മൂന്നു സഹോദരിമാരും ഉണ്ട്. കൈരളി ഒമാന്റെ മേഖലയിലെ പ്രവർത്തകരായ കുമാർ, സുഭാഷ്, സുധീരൻ, ഷാജി, ഉണ്ണികൃഷ്ണൻ എന്നിവർ ഈ വിഷയത്തിൽ ആദ്യാവസാനം സജീവമായി ഇടപെട്ടു.















