ദോഹ> ദോഹയിലെ നിരവധി സ്റ്റേജ് ഷോകളിൽ കിരുകിരി ചെരുപ്പുമണിഞ്ഞു..എന്ന എക്കാലത്തെയും ഹിറ്റ് ഗാനത്തിന്റെ ആലാപനത്തിലൂടെ ഖത്തർ മലയാളികൾ ഹൃദയത്തിലേറ്റിയ ഗായികയായിരുന്നു വിളയിൽ ഫസീല. 2018ൽ ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പതിനാലാം രാവ് മാപ്പിള പാട്ട് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയ വിളയിൽ ഫസീല ഖത്തറിലെ റേഡിയോ മലയാളം എഫ് എമ്മിന്റെ അഭിമുഖത്തിൽ തന്റെ പാട്ടുജീവിതവഴികളെക്കുറിച്ചു മനസ്സ് തുറന്നിരുന്നു.
ഗ്രാമഫോൺ മുതൽ നവസാങ്കേതികകാലത്തെ റെക്കോർഡിങ് അനുഭവങ്ങളും അന്നത്തെ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. ആദ്യ ഗാനത്തിന്റെ റെക്കോർഡിങ്ങിനായി വി എം കുട്ടിയുമായി മദ്രാസിലേക്കുള്ള ട്രെയിൻ യാത്രമുതൽ നാടിനു പുറത്തുള്ള ആദ്യ സ്റ്റേജ് ഷോക്കായി വിമാനത്തിൽ പറന്നഅനുഭവങ്ങളും പങ്കുവച്ചിരുന്നു.ആഗസ്റ്റ് 12നാണ് ഫസീല അന്തരിച്ചത്.
സമർപ്പണ ബോധ്യത്തോടെയും , മാപ്പിള തനിമയോടെയും മാപ്പിള പാട്ടുകൾ പാടി ആസ്വാദക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഗായികയായിരുന്നു വിളയിൽ ഫസീലയെന്ന് ഖത്തർ പ്രവാസിയും മാപ്പിള പാട്ട് ഗവേഷകനുമായ ഷഫീർ വാടാനപള്ളി അനുസ്മരിച്ചു.















