ന്യൂഡൽഹി
മണിപ്പുർ കലാപത്തിനിടെ ഒരു സ്ത്രീകൂടി കൂട്ടബലാത്സംഗത്തിന് ഇരയായതിന്റെ വിവരം പുറത്ത്. മെയ് മൂന്നിനു കലാപം തുടങ്ങിയ ദിവസമാണ് ചുരചന്ദ്പുരിൽനിന്നുള്ള മൂപ്പത്തേഴുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. മെയ്ത്തീ വിഭാഗക്കാരിയായ സ്ത്രീ നിലവിൽ ബിഷ്ണുപുരിലെ അഭയാർഥി ക്യാമ്പിലാണ്. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിഷ്ണുപുർ പൊലീസ് സ്റ്റേഷനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ചുരചന്ദ്പുരിൽ മെയ് മൂന്നിന് സംഘർഷം ആരംഭിച്ചപ്പോൾ മെയ്ത്തീ വിഭാഗക്കാരുടെ വീടുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടെന്നും പീഡനത്തിന് ഇരയായ സ്ത്രീയുടെ വീടിനും അയൽവീടുകൾക്കും അക്രമികൾ തീയിട്ടതായും എഫ്ഐആറിൽ പറയുന്നു. സ്ത്രീയും അവരുടെ രണ്ടു മക്കളും അനന്തരവളും ഭർതൃസഹോദരിയും അവരുടെ കുട്ടിയും പ്രാണരക്ഷാർഥം ഓടിരക്ഷപ്പെടുകയായിരുന്നു.
മെയ്ത്തികൾ കൂടുതലുള്ള ബിഷ്ണുപുർ മേഖലയിലേക്ക് ഓടുന്നതിനിടെ റോഡിൽ വീണ സ്ത്രീക്ക് എണീക്കാനായില്ല. മറ്റുള്ളവർ രക്ഷപ്പെട്ടു. വീണ്ടും എണീക്കാൻ ശ്രമിച്ച സ്ത്രീയെ 5–-6 പേർ ബലാത്സംഗത്തിന് ഇരയാക്കിയശേഷം ഉപേക്ഷിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
നാണക്കേട് കാരണമാണ് പീഡനവിവരം പുറത്തുപറയാതിരുന്നതെന്ന് ഇവർ പറഞ്ഞു. ഇംഫാലിലെ റിംസ് ആശുപത്രിയിൽ പോയെങ്കിലും ഡോക്ടറോടു പറയാൻ ധൈര്യപ്പെട്ടില്ല. പീഡനത്തിന് ഇരയായ പലരും അത് തുറന്നുപറയാൻ തുടങ്ങിയതോടെയാണ് ധൈര്യമായത്. കുറ്റക്കാര്ക്ക് ശിക്ഷ ഉറപ്പാക്കണം–- യുവതി ആവശ്യപ്പെട്ടു.
മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയശേഷം പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് രാജ്യത്തിനാകെ നാണക്കേടായി മാറിയിരുന്നു. ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം തുടർന്ന് മറ്റു പല സ്ത്രീകളും വെളിപ്പെടുത്തി. സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിൽ ചിലരെ പിടികൂടിയതൊഴികെ മറ്റ് കേസുകളിലൊന്നും അറസ്റ്റുണ്ടായിട്ടില്ല.